തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം| Live
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് ഇത്തവണ വോട്ടെടുപ്പ് പൂർത്തിയാക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ 7 ജില്ലകളിൽ 2025 ഡിസംബർ 9 (ചൊവ്വാഴ്ച )നും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഡിസംബർ 11 (വ്യാഴാഴ്ച)നുമായിരിക്കും വോട്ടെടുപ്പു നടത്തുക. രാവിലെ 7 മുതൽ 6 മണി വരെയാണ് വോട്ടെടുപ്പ്.
ഡിസംബർ 13ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണർ എ. ഷാജഹാനാണ് തെരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചത്. കാലാവധി പൂർത്തിയാക്കിയിട്ടില്ലാത്ത മട്ടന്നൂർ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങളിലാണ് വോട്ടെടുപ്പു നടക്കുക.
മട്ടന്നൂർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നതായും തെരഞ്ഞെടുപ്പ് കമ്മിഷണർ വ്യക്തമാക്കി. നവംബർ 21 വരെ പത്രിക സമർപ്പിക്കാം. നവംബർ 22ന് സൂക്ഷ്മ പരിശോധന നടത്തും. നവംബർ 24 വരെ പത്രിക പിൻവലിക്കാം.