വയനാട് പുനരധിവാസം; എൽസ്റ്റൺ എസ്റ്റേറ്റ് കേസിൽ തടസ ഹർജിയുമായി കേരളം സുപ്രീംകോടതിയിൽ
file image
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട എൽസ്റ്റൺ എസ്റ്റേറ്റ് കേസിൽ സുപ്രീംകോടതിയിൽ തടസ ഹർജി നൽകി സംസ്ഥാന സർക്കാർ. എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്‌റ്റർ ഭൂമി ഏറ്റെടുക്കാൻ ഹൈക്കോടതി അനുമതി നൽകിയതിനെതിരേ ഉടമകൾ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നതോടെയാണ് സംസ്ഥാന സർക്കാരിന്‍റെ നീക്കം.
വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവ് ലഭിച്ചതിനു പിന്നാലെ സർക്കാർ എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്തിരുന്നു. കോടതി നിർദേശ പ്രകാരം 17 കോടി രൂപയും സർക്കാർ കോടതിയിൽ കെട്ടിവച്ചിട്ടുണ്ട്. പിന്നാലെ ശനിയാഴ്ച രാവിലെ തന്നെ ടൗൺഷിപ്പിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. എസ്റ്റേറ്റ് ഉടമകൾ സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത് കണക്കിലെടുത്താണ് നടപടിക്രമങ്ങൾ സർക്കാർ വേഗത്തിലാക്കിയത്.
അതേസമയം, രാവിലെ ആരംഭിച്ച ടൗൺഷിപ്പിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ തടഞ്ഞ് എസ്റ്റേറ്റ് തൊഴിലാളികൾ രംഗത്തെത്തി. തങ്ങൾക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ നൽകാതെ ടൗൺഷിപ്പ് നിർമാണങ്ങളുമായി മുന്നോട്ടു പോവുന്നതെന്നും എസ്റ്റേറ്റ് അധികൃതരിൽ നിന്നും ആനുകൂല്യങ്ങൾ സർക്കാർ വാങ്ങി നൽകണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അടുത്ത ദിവസം മുതൽ പണി തടയുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.