ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജനാരോഗ്യരംഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാരോപിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിനും സര്‍ക്കാരിനുമെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍. ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലുമുള്ള ഡിഎംഒ ഓഫിസിലേക്ക് മാർച്ച് നടത്തി.
വീണാ ജോര്‍ജിന്‍റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ബാരിക്കേഡുകൾ മറികടന്ന് മന്ത്രിയുടെ വീട്ടിലേക്ക് ഓടിക്കയറിയ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. കൊച്ചയിലെ ഡിഎംഒ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. പൊലീസ് നിരവധി തവണ ജലപീരങ്കി ഉപയോഗിച്ചു.
കണ്ണൂർ, കാസർഗോഡ് ഡിഎംഒ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളുമുണ്ടായി. പാലക്കട് ഡിഎംഒ ഓഫിസിലേക്ക് ബിജെപി ശവമഞ്ചവുമായും യൂത്ത് കോൺഗ്രസ് സ്ട്രക്‌ച്ചറിൽ പ്രതീകാത്മക മൃതദേഹവുമായി എത്തി പ്രതിഷേധിച്ചു. പൊലീസ് ബസിന്‍റെ മുകളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
തിരുവനന്തപുരത്ത് പൊലീസിനു നേരെ കല്ലേറുണ്ടായി. 19 തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലം കലക്റ്ററേറ്റിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.
തിരുവനന്തപുരം മെഡിക്കല്‍ കോളെജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്‍റെ വെളിപ്പെടുത്തലുകള്‍, കോട്ടയം മെഡിക്കല്‍ കോളെജിലെ കെട്ടിടം തകർന്നുവീണുണ്ടായ മരണം, കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ തീപിടിച്ച അത്യാഹിത വിഭാഗം ഇതുവരെ പ്രവര്‍ത്തനസജ്ജമാകാത്തത് തുടങ്ങി നിരവധി വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സംസ്ഥാന വ്യാപകമായി സര്‍ക്കാരിനെതിരേ പ്രതിഷേധമുയരുന്നത്.