.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാഡമിയുൾപ്പെടെ സാംസ്കാരിക സ്ഥാപനങ്ങൾ നൽകുന്ന അവാർഡുകൾ രാഷ്ട്രീയ പ്രതിഷേധത്തിന്റെ ഭാഗമായി തിരികെ നൽകുന്നതിനു തടയിടാൻ നടപടി വേണമെന്നു പാർലമെന്ററി സമിതി. രാഷ്ട്രീയകാരണങ്ങളാൽ തിരികെ നൽകില്ലെന്നു പുരസ്കാരം പ്രഖ്യാപിക്കും മുൻപു തന്നെ സ്വീകർത്താക്കളോട് രേഖാമൂലം ഉറപ്പുവാങ്ങണമെന്നു നിർദേശിക്കുന്ന റിപ്പോർട്ട് സമിതി ഇന്നലെ പാർലമെന്റിന്റെ ഇരുസഭകളിലും സമർപ്പിച്ചു.
അവാർഡുകൾ നിരസിക്കുന്നതും തിരിച്ചുനൽകുന്നതായി പ്രഖ്യാപനം നടത്തുന്നതും (അവാർഡ് വാപസി) പതിവായ സാഹചര്യത്തിലാണു ഗതാഗത- ടൂറിസം- സാംസ്കാരിക വിഷയങ്ങളുമായി ബന്ധപ്പെട്ട പാർലമെന്ററികാര്യ സമിതിയുടെ ശുപാർശ. ഒരിക്കൽ അവാർഡുകൾ തിരികെ നൽകിയവരെ ഭാവിയിൽ അവാർഡുകൾക്ക് പരിഗണിക്കേണ്ടതില്ലെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ട്. ""പുരസ്കാരങ്ങൾ തിരികെ നൽകുന്നതു രാജ്യത്തിന് അപമാനമാണ്. അവാർഡുകൾ തിരികെ നൽകുന്നതുപോലുള്ള മോശം പ്രവണതകൾ മറ്റു പുരസ്കാര ജേതാക്കളുടെ നേട്ടങ്ങളെ ഇകഴ്ത്തുന്നതിനു വഴിയൊരുക്കും. പുരസ്കാരങ്ങളുടെ ആകെ അന്തസിനെയും പ്രശസ്തിയെയും ഇതു പ്രതികൂലമായി ബാധിക്കുകയും ചെയ്യും''- സമിതി പറഞ്ഞു.
ഓരോ അക്കാഡമിയും നൽകുന്ന പുരസ്കാരം ആ രംഗത്ത് രാജ്യത്ത് ഒരു കലാകാരനു ലഭിക്കുന്നതിൽ ഏറ്റവും വലിയ ബഹുമതിയാണ്. സാഹിത്യ അക്കാഡമിയുൾപ്പെടെ വിവിധ അക്കാഡമികൾ രാഷ്ട്രീയേതര സ്ഥാപനങ്ങളാണ്. അവിടെ രാഷ്ട്രീയത്തിനു സ്ഥാനമില്ല. അതുകൊണ്ടുതന്നെ പുരസ്കാരം നൽകുമ്പോൾ രാഷ്ട്രീയത്തിന്റെ പേരിൽ ഇതു തിരികെ നൽകില്ലെന്ന ഉറപ്പ് സ്വീകർത്താവിൽ നിന്ന് വാങ്ങിിരിക്കണം. പുരസ്കാര ജേതാവിനെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും മുൻപ് ചുരുക്കപ്പട്ടിക തയാറാക്കുമ്പോൾ ഇതിൽ ഉൾപ്പെട്ടവരിൽ നിന്നാണ് രേഖാമൂലം ഉറപ്പ് വാങ്ങേണ്ടതെന്നും സമിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അവാർഡുകൾ തിരികെ നൽകുന്നത് അക്കാഡമികളുടെ സ്വതന്ത്ര- സ്വയംഭരണ സ്വഭാവത്തെയും ബാധിക്കുന്നുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി.
അതേസമയം, പുരസ്കാരം തിരികെ നൽകുന്നതും ഒരു പ്രതിഷേധമുറയാണെന്ന് സമിതിയിലെ ഒരു അംഗം അഭിപ്രായപ്പെട്ടു. രാജ്യത്ത് ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്ന വാദമുയർത്തിയ അംഗം, സ്വീകർത്താവ് ഉന്നയിക്കുന്ന വിഷയത്തെയാണ് സർക്കാർ പരിഗണിക്കേണ്ടതെന്നും പറഞ്ഞു. മറ്റൊരു അംഗം ഇതിനെ പിന്താങ്ങി. എന്നാൽ, ഈ വാദം സമിതി അംഗീകരിച്ചില്ല.
ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ കാലത്താണ് അവാർഡുകൾ തിരികെ നൽകുന്നത് സർക്കാരിനെതിരായ പ്രതിഷേധമുറയായി മാറിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരേ ആക്രമണം നടക്കുമ്പോൾ അക്കാഡമികൾ മൗനം പാലിക്കുന്നുവെന്ന് ആരോപിച്ച് 39 എഴുത്തുകാർ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരങ്ങൾ തിരികെ നൽകുന്നതായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് 2017 ഫെബ്രുവരിയിൽ അന്നത്തെ സാംസ്കാരിക മന്ത്രി മഹേഷ് ശർമ ലോക്സഭയെ അറിയിച്ചിരുന്നു. 2015ലെ ദാദ്രി ആൾക്കൂട്ടക്കൊലപാതകം, എം.എം. കൽബുർഗി വധം എന്നീ വിഷയങ്ങൾ ഉയർത്തിയായിരുന്നു പുരസ്കാരങ്ങൾ തിരികെ നൽകിയത്. എന്നാൽ, ഇവ തിരികെ സ്വീകരിക്കാൻ കഴിയില്ലെന്നും അക്കാഡമികൾ വ്യക്തമാക്കിയിരുന്നു.