അഴിച്ചുപണി രാധാകൃഷ്ണനിൽ ഒതുങ്ങില്ല 
Kerala

അഴിച്ചുപണി രാധാകൃഷ്ണനിൽ ഒതുങ്ങില്ല

പുതിയ മന്ത്രിക്ക് ദേവസ്വം വകുപ്പ് നൽകാനുള്ള സാധ്യതയും കുറവാണ്.

നീതു ചന്ദ്രൻ

എം.ബി. സന്തോഷ്

തിരുവനന്തപുരം: ലോക്സഭാംഗമായ മന്ത്രി കെ. രാധാകൃഷ്ണന്‍റെ രാജിയെ തുടർന്ന് സിപിഎം മന്ത്രിമാരുടെ വകുപ്പുകളിൽ അഴിച്ചുപണിക്ക് സാധ്യത. എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ തെരഞ്ഞെടുപ്പു ദിവസം മാധ്യമങ്ങളോട് ബിജെപിയുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് സംസാരിച്ചത് 16 മുതൽ 20 വരെ സിപിഎം നേതൃയോഗങ്ങൾ ചർച്ച ചെയ്യും. വിവിധ കമ്മിറ്റികളുടെ കണക്കുകൾ പാളിയതിനെതിരേ സിപിഎം പൊളിറ്റ് ബ്യൂറോ കർശന നിലപാട് എടുത്തതിനാൽ കടുത്ത തിരുത്തൽ നടപടികൾ സംസ്ഥാന തലത്തിൽ വേണ്ടിവരും.

പട്ടികജാതി- പട്ടികവർഗ ക്ഷേമം, ദേവസ്വം വകുപ്പുകളാണ് രാധാകൃഷ്ണന്‍റേത്. അതിൽ പുതിയ മന്ത്രിയെ നിയോഗിക്കുന്നതിൽ മാത്രം അഴിച്ചുപണി ഒതുങ്ങിയേക്കില്ല. പുതിയ മന്ത്രിക്ക് ദേവസ്വം വകുപ്പ് നൽകാനുള്ള സാധ്യതയും കുറവാണ്. സിപിഎം ഭരിക്കുന്ന വകുപ്പുകളെക്കുറിച്ച് വിശദമായി നേതൃയോഗം ചർച്ച ചെയ്യും. പ്രവർത്തന പോരായ്മകൾ ഉണ്ടാവുന്ന വകുപ്പുകളിൽ അടിയന്തര തിരുത്തൽ നടപടിയുണ്ടാകും. അഴിച്ചുപണി നിലവിലുള്ളവരെ മാറ്റി വേണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ 16, 17 തീയതികളിലെ സംസ്ഥാന സെക്രട്ടേറിയറ്റും 18, 19, 20 തീയതികളിലെ സംസ്ഥാന കമ്മിറ്റിയും തീരുമാനിക്കും.

സിപിഎമ്മിന് അർഹതപ്പെട്ട രാജ്യസഭാ സീറ്റ് ഘടകകക്ഷിക്ക് വിട്ടുകൊടുത്തതിലൂടെ അടുത്തു നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കലാണ് പാർട്ടി ലക്ഷ്യമിടുന്നത്. ആലത്തൂർ, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളാണ് ആദ്യം വരിക. അതിൽ പാലക്കാട്ട് സിപിഎം കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളിൽ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിനെ തുടർന്ന് കെ. മുരളീധരൻ ഒഴിഞ്ഞ വട്ടിയൂർക്കാവിൽ മൂന്നാമതായിരുന്നിട്ടും വി.കെ. പ്രശാന്ത് വിജയിച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് നിർദേശിക്കുക.

താഴേത്തട്ടിലുള്ള പാർട്ടി ഘടകങ്ങൾക്ക് ജനകീയ ബന്ധം തീരെ കുറവാണെന്നും അതാണ് തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി തെറ്റായ വിലയിരുത്തലിന് കാരണമെന്നുമാണ് സിപിഎമ്മിന്‍റെ സ്വയം വിമർശനം. അതിലുള്ള തിരുത്തലുകളും എങ്ങനെ വേണമെന്ന് നേതൃയോഗങ്ങൾ തീരുമാനിക്കും.

ദുബായിൽ എയർ ഷോയ്ക്കിടെ ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു

ചെങ്കോട്ട സ്ഫോടനം; പ്രതികൾ ബോംബ് നിർമിക്കാൻ ഉപയോഗിച്ച മെഷീനുകൾ അന്വേഷണ സംഘം കണ്ടെത്തി

കംഗാരുപ്പടയ്ക്ക് വെല്ലുവിളി ഉയർത്തി ബെൻ സ്റ്റോക്സും സംഘവും

എസ്ഐആറിന് സ്റ്റേയില്ല; കേരളത്തിന്‍റെ ഹർജി 26 ന് പരിഗണിക്കാൻ സുപ്രീം കോടതി

വിഴിഞ്ഞം ചരക്ക് ഹബ്ബായി ഉയരുന്നു; തുറമുഖത്തിന് എമിഗ്രേഷൻ ക്ലിയറൻസ് അനുമതി