<a href="https://www.freepik.com/free-photo/turkish-local-stray-dog-with-sad-eyes-looking-camera-street_27412975.htm#query=stray%20dogs&position=0&from_view=search&track=ais">Image by frimufilms</a> on Freepik
Kerala

പ്രതിരോധ പ്രവർത്തനങ്ങൾ 8 മാസം പിന്നിട്ടിട്ടും തെരുവ് നായ ശല്യം തുടർക്കഥ

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്സിനേഷൻ പ്രവർത്തികൾ ആരംഭിച്ച് എട്ട് മാസം പിന്നിട്ടിട്ടും തെരുവ് നായ ശല്യം തുടർകഥ. വകുപ്പുകളുടെ ഏകോപനമില്ലായ്മയും തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ടില്ലാത്തതും കാരണം നായ്ക്കളുടെ ജനന നിയന്ത്രണ സംരക്ഷണ പദ്ധതികൾ പലേടത്തും നിലച്ചെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. എന്നാൽ പരാതി വന്ന് മാസങ്ങൾ പിന്നിട്ടിട്ടും സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമായി ഇടപെടാതിരുന്നതോടെ തെരുവ്നായ ആക്രമണങ്ങളും പഴയപടിയായി.

കഴിഞ്ഞ വർഷം സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുകയും പേവിഷബാധയേറ്റ് മരിച്ച പത്തനംതിട്ടക്കാരി അഭിരാമി മരണപ്പെടുകയും ചെയ്തതോടെ സെപ്റ്റംബറിലാണ് തെരുവ്നായ ശല്യം ഒഴിവാക്കാൻ സർക്കാർ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതികൾ ആരംഭിച്ചത്. നിയമസഭയിലടക്കം വിഷയം സർക്കാരിന് വെല്ലുവിളിയായതോടെയാണ് മാസങ്ങൾ നീണ്ട പദ്ധതികൾ പ്രഖ്യാപിച്ചത്. എന്നാൽ എട്ട് മാസങ്ങൾക്കിപ്പുറമുണ്ടായ നിഹാലിന്‍റെ മരണവും പ്രതിരോധപ്രവർത്തനങ്ങളിലെ വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

2022 ൽ ഓഗസ്റ്റ് അവസാനം വരെ നായ്ക്കളുടെ കടിയേറ്റ് 19 മരണങ്ങളുണ്ടായ പശ്ചാത്തലത്തിൽ കൂടുതൽ ആനിമൽ ബർത്ത് കൺട്രോൾ (എബിസി) കേന്ദ്രങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളുൾപ്പടെ തദ്ദേശമന്ത്രി അധ്യക്ഷനായി തദ്ദേശ , മൃഗ സംരക്ഷണ, ആരോഗ്യ വകുപ്പുകൾ സംയുക്തമായി തെരുവുനായ പ്രതിരോധ നടപടികൾ ഏകോപിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ, മാസങ്ങൾ പിന്നിടുമ്പോഴും മാനദണ്ഡമനുസരിച്ച് എബിസി സെന്‍ററുകള്‍ സ്ഥാപിക്കാനോ ഉള്ളവ നവീകരിക്കാനോ കഴിഞ്ഞില്ല.

തെരുവുനായ്ക്കൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക ഷെൽട്ടറുകൾ ക്രമീകരിക്കുമെന്ന ഉറപ്പും ഫണ്ടില്ലാതെ വന്നതോടെ പാഴ് വാക്കായി. പ്രതിഷേധമുണ്ടായപ്പോൾ കുറെ നായകളെ പിടിച്ച് വന്ധ്യംകരിച്ചെങ്കിലും പിടിച്ചിടത്ത് തന്നെ തിരികെ വിട്ടു. മൂന്നു ലക്ഷത്തോളം നായ്ക്കൾക്ക് വാക്സിനേഷൻ നൽകാനുള്ള പദ്ധതിയും എതിർപ്പുകളും കെടുകാര്യസ്ഥതയും മൂലം ഇഴഞ്ഞു. 32061 തെരുവുനായ്ക്കൾക്കാണ് കുത്തിവെയ്പ്പ് നൽകാനായത്. 2022 സെപ്റ്റംബർ ഒന്ന് മുതൽ 2023 മാർച്ച് 31 വരെ 9767 നായ്ക്കളെ വന്ധ്യകരിച്ചു. എബിസി സെന്‍ററുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഫണ്ടിന്‍റെ അഭാവമോ സന്നദ്ധതയോ ഇല്ലെന്നും ചില കോണുകളിൽ നിന്നുള്ള എതിർപ്പ് മാത്രമാണ് തടസമെന്നും സർക്കാർ വൃത്തങ്ങൾ പറയുമ്പോൾ തെരുവ്നായ ആക്രമണങ്ങൾ തുടരുന്നതിൽ കൃത്യമായ മറുപടി സർക്കാരിനുമില്ല.

നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടും ഒരു മാസo 25000 നും 30000 നുമിടയിൽ ആളുകൾ നായ കടിയേറ്റ് ചികിൽസ തേടുന്നുവെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ. മുഴുപ്പിലങ്ങാട് പഞ്ചായത്തിലെ നിഹാലിന്‍റെ മരണത്തിൽ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും വീഴ്ച അന്വേഷിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‌ഏതെങ്കിലും അധികാരികളുടെ ഭാഗത്ത് വീഴ്ചകൾ കണ്ടെത്തിയാൽ ഉചിതമായ നടപടി സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്യാനാണ് നീക്കം. ഇത് സംബന്ധിച്ച സുപ്രീം കോടതിയെ സമീപിക്കാനും തീരുമാനമുണ്ട്.

സ്വകാര്യ സംഭാഷണം പരസ്യപ്പെടുത്തുന്നു: സ്റ്റാർ സ്പോർട്സിനെതിരേ രോഹിത് ശർമ

ഇടുക്കിയിൽ കനത്ത മഴ; വിനോദ സഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം, രാത്രി യാത്രാ നിരോധനം

കിർഗിസ്ഥാനിൽ ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ആക്രമണം; ജാഗ്രതാ മുന്നറിയിപ്പുമായി ഇന്ത്യ

കുനോയിൽ നിന്ന് ചീറ്റ പുറത്തു ചാടി; പ്രദേശവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്തേക്ക് ലഹരിക്കടത്ത്; മുഖ്യപ്രതി പിടിയിൽ