നാല് മാസത്തിനിടെ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

 
Kerala

നാല് മാസത്തിനിടെ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

ജനുവരി മുതൽ മേയ് വരെ 16 പേർക്ക് തെരുവുനായ ആക്രമണത്തിൽ ജീവൻ നഷ്ടമാവുകയും ചെയ്തു

ജിബി സദാശിവൻ

കൊച്ചി: സംസ്ഥാനത്ത് നാല് മാസത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്. ജനുവരി മുതൽ മേയ് വരെ 16 പേർക്ക് തെരുവുനായ ആക്രമണത്തിൽ ജീവൻ നഷ്ടമാവുകയും ചെയ്തു. ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിലാണ് തെരുവുനായ ശല്യത്തിന്‍റെ രൂക്ഷത വ്യക്തമാക്കുന്ന കണക്കുകൾ ഉള്ളത്.

ജനുവരി മുതൽ ഏപ്രിൽ വരെ 1,31,244 പേർക്ക് തെരുവുനായകളുടെ കടിയേറ്റെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് സംസ്ഥാന ബാലാവകാശ കമ്മിഷനിൽ ആരോഗ്യ വകുപ്പ് ഡയറക്റ്ററേറ്റ് ഹാജരാക്കി. അടുത്തിടെ തെരുവുനായകളുടെ കടിയേറ്റ് മൂന്ന് കുട്ടികൾ മരിച്ചത് സംബന്ധിച്ച് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിൽ കമ്മിഷൻ ആരോഗ്യ വകുപ്പ് ഡയറക്റ്ററോട് വിശദീകരണം തേടിയിരുന്നു.

ജനുവരി മുതൽ മേയ് വരെ തെരുവുനായയുടെ കടിയേറ്റ് മരിച്ചവരിൽ അഞ്ച് പേർ കുത്തിവയ്പ്പ് എടുത്തവരാണ്. 2021-24 കാലയളവിൽ തെരുവുനായകളുടെ കടിയേറ്റ് മരിച്ച 89 പേരിൽ 18 പേർ പ്രതിരോധ വാക്സിൻ എടുത്തവരാണെന്നും ആരോഗ്യ വകുപ്പ് റിപ്പോർട്ടിലുണ്ട്.

തെരുവുനായ ആക്രമണത്തെ തുടർന്ന് മൂന്ന് കുട്ടികൾ മരിച്ചത് നാഡികളിലൂടെ വൈറസ് വേഗം ശരീരത്തിൽ കടന്നതിനാലെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് വ്യക്തമാക്കുന്നു. പേവിഷബാധ പ്രതിരോധ വാക്സിനുകൾ കൃത്യമായ ഡോസിൽ എടുത്തിട്ടും മരണം സംഭവിച്ചു. വൈറസ് വേഗം ശരീരത്തിൽ പ്രവേശിച്ചതിനാൽ മരുന്നുകൾ ഫലപ്രദമായില്ലെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. മരിച്ച കുട്ടികൾ ആദ്യ ഘട്ടത്തിൽ ചികിത്സ തേടിയ സർക്കാർ ആശുപത്രികളിൽ ആവശ്യമായ പ്രതിരോധ വാക്സിൻ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

തെരുവുനായ ആക്രമണ കണക്കുകൾ

കടിയേറ്റവർ

  • 2024: 3,16,793

  • 2023: 3,06,427

  • 2022: 2,94,032

  • 2021: 2,21,379

  • 2020: 1,60,483

  • 2019: 1,61,055

  • 2018: 1,48,899

  • 2017: 1,35,749

  • 2016: 1,35,217

  • 2015: 1,21,693

  • 2014: 1,19,191

മരണസംഖ്യ

  • 2024: 26

  • 2023: 25

  • 2022: 27

  • 2021: 11

  • 2020: 05

  • 2019: 8

  • 2018: 9

  • 2017: 8

  • 2016: 5

  • 2015: 10

  • 2014: 10

  • 2013: 11

  • 2012: 13

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ

ഉത്തരവാദിത്ത ടൂറിസം പദ്ധതികൾക്ക് 7.05 കോടി