കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച കൊച്ചിയില്‍ വാഹനങ്ങൾക്ക് പാർക്കിങ്ങിനു പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. കര്‍ശന സുരക്ഷ ഒരുക്കുമെന്നും ദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ സ്‌ക്വാഡ് രൂപീകരിക്കുമെന്നും കമ്മീഷ്ണർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൊച്ചിയിൽ വിപുലമായ പൊലീസ് സന്നാഹം ഏർപ്പെടുത്തും. 1000 പൊലീസുകാർ ഫോർട്ട് കൊച്ചി മേഖലയിൽ മാത്രം വിന്യസിക്കും. ഫോർട്ട് കൊച്ചിയിലേക്ക് നേരിട്ട് ബസ് സർവീസ് വൈകിട്ട് 4 മണി വരെ മാത്രമേ ഉണ്ടാകു. പപ്പാഞ്ഞിയെ കത്തിക്കുന്ന വെളിഗ്രൗണ്ടില്‍ പൊലീസ് കണ്‍ട്രോള്‍ റൂം ഉണ്ടായിരിക്കും. കോസ്റ്റല്‍ പൊലീസും നിരീക്ഷണത്തിനുണ്ടായിരിക്കും.
പുതുവർഷ ആഘോഷങ്ങൾക്കു ശേഷം തിരിച്ചു പോകുന്നവർക്കായി ഗതാഗത സംവിധാനം ഒരുക്കാൻ ശ്രമിക്കുന്നുണ്ട്. കൊച്ചി മെട്രൊ സർവ്വീസ് പുലർച്ചെ 2 മണി വരെ ഉണ്ടാകും. വാട്ടർ മെട്രൊ ഫോർട്ടു കൊച്ചിയിലേക്കും ഹൈക്കോടതി ജെട്ടിയിലേക്കും വൈകീട്ട് 7 വരെ അധിക സർവ്വീസ് നടത്തും. കെഎസ്ആർടിസി- സ്വകാര്യ ബസുകളും അധിക സർവ്വീസ് നടത്തും.
ഫോര്‍ട്ട് കൊച്ചിയില്‍ താമസിക്കുന്നവരുടെ വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നതായി കണ്ടിട്ടുണ്ട്. അവയെല്ലാം പ്രത്യേക പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് മാറ്റും. പുറമെ നിന്നെത്തുന്നവര്‍ക്കായി ഫോര്‍ട്ട് കൊച്ചിയില്‍ 18 പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ ഒരുക്കീട്ടുണ്ട്. അവിടെ പാര്‍ക്കിങ് ഫില്‍ ആയാല്‍ മട്ടാഞ്ചേരിയിലും അവിടെയും വാഹനങ്ങള്‍ നിറഞ്ഞാല്‍ ബിഒടി പാലം വഴി വാഹനങ്ങള്‍ കടത്തിവിടില്ലെന്നും കമ്മീഷണര്‍ അറിയിച്ചു.