.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തിരുവനന്തുപുരം: 17 -ാം ലോക്സഭയില്‍ കേരളത്തിൽ നിന്നുള്ള ലോക്‌സഭാ എംപിമാരിൽ ഭൂരിഭാഗവും പാര്‍ലമെന്‍റിലും മണ്ഡലങ്ങളിലും മികച്ച പ്രകടനം കാഴ്‌ചവെച്ചവരെന്ന് പഠന റിപ്പോര്‍ട്ട്. 15 സെഷനുകളിലായി ആകെ 274 ദിവസം സമ്മേളിച്ച സഭയില്‍ ഹാജർനിലയിൽ ദേശീയ ശരാശരിക്കും മുകളിലാണ് കേരളത്തിൽ നിന്നുള്ള മിക്ക എംപിമാരുടെയും ഹാജർ. ദേശീയ ശരാശരി 79 ശതമാനമാണെങ്കിൽ കേരളത്തിൽ നിന്നുള്ള എംപിമാരുടേത് 83 ശതമാനമാണ്. ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ എന്‍.കെ പ്രേമചന്ദ്രനും ശശി തരൂരും മുന്നിലെത്തിയപ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ അടൂര്‍ പ്രകാശും ആന്‍റോ ആന്‍റണിയുമാണ് മുന്നില്‍. എംപി ഫണ്ട് വിനിയോഗത്തില്‍ ഒന്നാമന്‍ തോമസ് ചാഴികാടനാണ്. ഫണ്ട് 100 ശതമാനവും വിനിയോഗിച്ചതും ചാഴികാടന്‍ മാത്രമാണ്. എന്നാൽ ഹാജര്‍ നിലയില്‍ കണ്ണൂർ എംപി കെ. സുധാകരനും വയനാട് എംപി രാഹുൽ ഗാന്ധിയും നിരാശപ്പെടുത്തിയ പ്രകടനമാണ് കാഴ്ചവച്ചത്. സുധാകരന് 50 ശതമാനവും രാഹുൽ ഗാന്ധിക്ക് 51 ശതമാനവുമാണ് ഹാജര്‍.
17-ാം ലോക്സഭയിൽ ആകെ 221 ബില്ലുകളാണ് പാസാക്കിയത്. ആർട്ടിക്കിൾ 370 റദ്ദാക്കൽ, മുത്തലാഖ് നിരോധന നിയമം, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം സംബന്ധിച്ച നിയമം, പുതിയ ക്രിമിനൽ കോഡുകൾ, വനിതാ സംവരണ നിയമം തുടങ്ങിയ പ്രധാനപ്പെട്ട നിയമങ്ങൾ ഈ ലോക്സഭയിലാണ് പാസാക്കിയത്. ഇതിൽ കേരളത്തിൽ നിന്നുള്ള എംപിമാര്‍ ആകെ 302 നിയമനിർമാണ ചർച്ചകളിലും പങ്കെടുത്തിട്ടുണ്ട്. ചർച്ചകളിൽ പങ്കെടുത്തതിൽ മുമ്പിൽ ശശി തരൂര്‍, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരാണ്. കേരളത്തിൽനിന്നുള്ള രാഹുൽ ഗാന്ധി പക്ഷെ, ഇക്കാര്യത്തിലും പിന്നിലാണ്.
ചോദ്യങ്ങൾ ചോദിക്കുന്നതിലും പ്രമേയങ്ങൾ കൊണ്ടുവരുന്നതിലും കേരളത്തിൽ നിന്നുള്ള എംപിമാർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 17-ാം ലോക്സഭയിലെ ചോദ്യങ്ങളുടെ ദേശീയ ശരാശരി 210 ആണെങ്കിലും കേരളത്തിന്റെത് 268 ആണ്. 5346 ചോദ്യങ്ങൾ ഉന്നയിച്ച കേരളത്തിന് മുമ്പിലുള്ളത് മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ മാത്രമാണ്. ചോദ്യങ്ങൾ ചോദിച്ചതിൽ മുമ്പിൽ അടൂർ പ്രകാശും ആന്റോ ആന്‍റണിയും ആണ്. ജനങ്ങളെ ബാധിക്കുന്ന അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളിൽ സർക്കാരിന്‍റെ ശദ്ധക്ഷണിക്കുന്നതിന് നിരവധി അവസരങ്ങളുണ്ട്. ഇവയിൽ പ്രധാനപ്പെട്ടവയാണ് ശൂന്യവേള ചർച്ച, ചട്ടം 377, ചട്ടം 193 പ്രകാരമുള്ള പ്രമേയങ്ങളും ചർച്ചകളും. ഇവയിലെല്ലാം കേരള എം.പിമാരുടെ പ്രകടനം ദേശീയ ശരാശരിയെക്കാൾ മുന്നിലാണ്. ഇക്കാര്യത്തിൽ പ്രേമചന്ദ്രനും കൊടിക്കുന്നിൽ സുരേഷും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
ഓരോ വർഷവും അഞ്ചുകോടിയാണ് പ്രാദേശിക വികസന ഫണ്ടെന്ന നിലയിൽ ഓരോ എംപിമാർക്കും കിട്ടുന്നത്. കോവിഡ് മൂലം ആദ്യ രണ്ടുവർഷം ഈ തുക രണ്ടുകോടിയായി ചുരുക്കിയിരുന്നു. അതിനാൽ ഈ ലോക്സഭയിൽ 17 കോടി മാത്രമാണ് അംഗങ്ങൾക്ക് കിട്ടിയത്. എന്നാല്‍ ഇത് ചിലവഴിക്കുന്നതിൽ കേരളത്തിൽ നിന്നുള്ള ചില എം.പിമാർ നിരാശപ്പെടുത്തുന്നുണ്ട്. അഞ്ച് എംപിമാർ മാത്രമേ ഈ തുക ഫലപ്രദമായി വിനിയോഗിച്ചിട്ടുള്ളു. അടൂർ പ്രകാശ്, എ.എം. ആരിഫ്, തോമസ് ചാഴികാടൻ, ശശി തരൂർ, രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയവരാണ് ഫണ്ട് വിനിയോഗത്തിൽ മുന്നിൽ നിൽക്കുന്നത്.
വികസനഫണ്ടായി 17 കോടി രൂപ ലഭിച്ചതിൽ കൂടുതൽ ചെലവഴിച്ചത് തോമസ് ചാഴികാടനാണ്. അദ്ദേഹത്തിന്‍റെ ഫണ്ടിൽ പലിശ ഇനത്തില്‍ അടുത്തിടെ അക്കൗണ്ടില്‍ വന്ന രണ്ടു ലക്ഷം രൂപ മാത്രമാണ് മിച്ചമുള്ളത്. ശശി തരൂർ-നാലു ലക്ഷമേ ഇനി ചെലവഴിക്കാനുള്ളൂ. അടൂർ പ്രകാശ്-11 ലക്ഷം, രാജ്‌മോഹൻ ഉണ്ണിത്താൻ-28 ലക്ഷം, കെ.മുരളീധരൻ-75 ലക്ഷം, എ.എം.ആരിഫ്-76 ലക്ഷം, ആന്‍റോ ആന്റണി-85 ലക്ഷം എന്നിങ്ങനെയാണ് ഫണ്ടിൽ കുറച്ചുമാത്രം ബാക്കിയുള്ള എം.പിമാർ. ചെലവഴിക്കാത്ത തുക ഏറ്റവും കൂടുതലുള്ള എം.പിമാരിൽ കൊടിക്കുന്നിൽ സുരേഷാണ് മുന്നിൽ-6.24 കോടി. രാഹുൽ ഗാന്ധിയുടെ ഫണ്ടിൽ 1.25 കോടി രൂപയുണ്ട്. കെ.സുധാകരൻ-2.70 കോടി, ഇ.ടി.മുഹമ്മദ് ബഷീർ-2.56 കോടി, രമ്യ ഹരിദാസ്-2.46 കോടി, എൻ.കെ പ്രേമചന്ദ്രൻ-2.41 കോടി, ടി.എൻ പ്രതാപൻ-2.04 കോടി, ഹൈബി ഈഡൻ 1.80 കോടി, എം.പി.അബ്‌ദുൾസമദ് സമദാനി-1.55 കോടി, എം.കെ.രാഘവൻ-1.43 കോടി എന്നിങ്ങനെയാണ് ചെലവഴിക്കാൻ ബാക്കിയുള്ള തുക.