ആർഎസ്എസ് പ്രവർത്തകനെതിരേ യുവാവിന്‍റെ ആത്മഹത്യാക്കുറിപ്പ്
കോട്ടയം: ആർഎസ്എസ് നേതാവിനെ പ്രതിക്കൂട്ടിലാക്കി ഇൻസ്റ്റഗ്രാമിൽ യുവാവിന്‍റെ ആത്മഹത്യാകുറിപ്പ്. കോട്ടയം പൊൻകുന്നം ചാമക്കാലയിൽ അനന്തു അജിയാണ്(24) ഇൻസ്റ്റഗ്രാമിൽ ആത്മഹത്യാകുറിപ്പ് ഷെഡ്യൂൾ ചെയ്ത ശേഷം ജീവനൊടുക്കിയത്. തിരുവനന്തപുരത്തെ ലോഡ്ജിൽ നിന്ന് അനന്തുവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഷെഡ്യൂൾ ചെയ്തിരുന്ന പോസ്റ്റ് പബ്ലിഷ് ആയിരിക്കുന്നത്. താനിത് ഷെഡ്യൂൾ ചെയ്തിരിക്കുന്ന പോസ്റ്റാണെന്നും താൻ മരിച്ചതിനു ശേഷമായിരിക്കും നിങ്ങൾ ഇതു വായിക്കുകയെന്നും കുറിപ്പിലുണ്ട്. സെപ്റ്റംബറിൽ എഴുതിയിരിക്കുന്ന കുറിപ്പ് ഒക്റ്റോബർ മൂന്നിന് എഡിറ്റ് ചെയ്തതായും കുറിപ്പിലുണ്ട്.
കടുത്ത വിഷാദവും ഉത്കണ്ഠയുമാണ് ജീവനൊടുക്കാൻ കാരണമെന്നും അതിനു കാരണം ചെറുപ്പത്തിലുണ്ടായ ലൈംഗികാതിക്രമമാണെന്നും അനന്തു 15 പേജു വരുന്ന ആത്മഹത്യാ കുറിപ്പിൽ വെളിപ്പെടുത്തിയിട്ടുണ്ട്. എൻഎം എന്നയാളാണ് തന്നെ പീഡിപ്പിച്ചതെന്നും നിരവധി കുട്ടികൾ ഇത്തരം പീഡനത്തിന് ഇരയാണെന്നും കുറിപ്പിലുണ്ട്. ആർഎസ്എസ് ക്യാംപിൽ നിന്ന് ലൈംഗികവും ശാരീരികവുമായ പീഡനം ഉണ്ടായെന്നാണ് കുറിപ്പിൽ വെളിപ്പെടുത്തിയിരിക്കുന്നത്. അമ്മയോടും സഹോദരിയോടും ക്ഷമ ചോദിച്ചു കൊണ്ടുള്ള കുറിപ്പിൽ തനിക്ക് ഉത്കണ്ഠയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുന്നില്ലെന്നും മരുന്നുകൾ ഗുണം ചെയ്യുന്നില്ലെന്നും പറഞ്ഞിട്ടുണ്ട്.
അനന്തുവിന്‍റെ മൃതദേഹം സംസ്കരിച്ചു. നിരവധി പേരാണ് ഇൻസ്റ്റഗ്രാമിൽ അനന്തുവിന്‍റെ ആത്മഹത്യാക്കുറിപ്പ് വായിച്ച് പ്രതികരിച്ചിരിക്കുന്നത്. കുറിപ്പിൽ പരാമർശിക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതാക്കൾ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. യുവാവിന്‍റെ ബന്ധുക്കൾ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.