ആന എഴുന്നള്ളിപ്പ് ചരിത്രപരമായ സംസ്‌കാരം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി, രൂക്ഷ വിമർശനം
ന്യൂഡൽഹി: കേരള ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. ഹൈക്കോടതി ഉത്തരവിനെതിരേ വിശ്വ ഗജ സമിതി നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.
ചരിത്ര പരമായ സംസ്കാരത്തിന്‍റെ ഭാഗമാണ് ആനകളുടെ എഴുന്നള്ളിപ്പ്. ഹൈക്കോടതി ഇടപെടൽ കാണുമ്പോൾ ആന എഴുന്നെള്ളിപ്പ് പൂർണമായും തടയാനുള്ള നീക്കമായി തോന്നുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഉത്സവങ്ങളിൽ ആന എഴുന്നെള്ളിപ്പ്, നാട്ടാന പരിപാലനം എന്നിവയിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസുകളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ രണ്ട് ഹർജികളാണ് എത്തിയത്.
ഇതിനു പുറമേ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഹൈക്കോടതി എടുത്ത എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്ഫർ ഹർജിയും നൽകി.
എന്നാൽ, ഹൈക്കോടതിയുടെ പരിതിയിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഹർജിയിൽ സുപ്രീം കോടതി ഇടപെടില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന വ്യക്തമാക്കി. പിന്നാലെ ഹർജി പിൻവലിക്കാനുള്ള അനുമതിയും കോടതി നൽകി. തുടർന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഹർജി പിൻവലിച്ചു.