സുരേഷ് ഗോപി
file image
കൊച്ചി: എയിംസിനു വേണ്ടി തറക്കല്ലിട്ടശേഷമേ ഇനി വോട്ട് ചോദിക്കാൻ വരൂ എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസിനുവേണ്ടി ഒരേയൊരു ഓപ്ഷനേ സംസ്ഥാനം കേന്ദ്രത്തിനു നൽകിയിട്ടുള്ളൂ. മൂന്ന് ഓപ്ഷനുകളാണ് നൽകേണ്ടത്. എന്നാൽ, ആ ഒരു ഓപ്ഷനുവേണ്ടി ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിലുള്ള മറ്റു കാര്യങ്ങൾ അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
"എന്‍റെ കാലാവധി പൂർത്തിയാകുന്നതിനു മുന്‍പ് കേരളത്തിൽ എയിംസ് എന്ന പദ്ധതി പ്രഖ്യാപിച്ച്, അത് വരേണ്ട സ്ഥലത്ത്, എന്ത് തർക്കമുണ്ടെങ്കിലും അതിന്‍റെ തറക്കല്ല് പാകിയിട്ടേ അടുത്ത തെരഞ്ഞെടുപ്പിൽ ഞാൻ വോട്ട് ചോദിക്കാൻ വരൂ’’ – സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിന്‍റെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ പ്രധാനമന്ത്രിയെ പ്രകീർത്തിക്കുമ്പോൾ ശശി തരൂരിന് പ്രധാനമന്ത്രിയെ പുകഴ്ത്താമെന്നും തരൂരിന്‍റെ നിലപാടിൽ സംഘ ചായ്‌വുണ്ടെങ്കിൽ അതിൽ വ്യക്തതവരുത്തേണ്ടത് അദ്ദേഹം തന്നെയാണെന്നും സുരേഷ് ഗോപി പറഞ്ഞു.