തിരുവനന്തപുരം: ജാനകി എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരേയും താൻ നായകനായി അഭിനയിച്ച സിനിമയുമായ ബന്ധപ്പെട്ട ഈ വിഷയത്തില്‍ മൗനം തുടരുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരേയും രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
സിനിമ ചോറാണെന്ന് ആവര്‍ത്തിച്ച് പറയുന്ന നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി തന്‍റെ സര്‍ക്കാരിന്‍റെ ചെയ്തികളില്‍ മൗനം തുടരുകയാണ്. സിനിമയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ശബ്ദിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ വേണുഗോപാല്‍ മൗനം വെടിയണമെന്നും ആവശ്യപ്പെട്ടു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേല്‍ കത്തിവയ്ക്കുന്ന നിലപാടാണ് സെന്‍സര്‍ ബോഡിന്‍റെതെന്നും വേണുഗോപാല്‍ പറഞ്ഞു.
സിനിമയിലും സാഹിത്യത്തിലും തലക്കെട്ടും പേരും നിശ്ചയിക്കാന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം അവയുടെ സ്രഷ്ടാക്കള്‍ക്കുണ്ട്. അത് നിഷേധിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനവും വെല്ലുവിളിയുമാണ്- വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
രാമനും കൃഷ്ണനും സീതയും രാധയുമൊക്കെ ശീര്‍ഷകങ്ങളായും കഥാപാത്രങ്ങളുടെ പേരുകളായും പതിറ്റാണ്ടുകളോളമായി ഇന്ത്യന്‍ സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ ബഹുഭൂരിപക്ഷം വ്യക്തിനാമങ്ങളും ഹിന്ദു പുരാണങ്ങളില്‍ നിന്നുള്ളവയാണ്. ഇത്തരം പേരുകളടങ്ങിയ നിരവധി സിനിമകളും ഇറങ്ങിയിട്ടുമുണ്ട്.അന്നൊക്കെ സെന്‍സര്‍ ബോര്‍ഡിന്‍റെ അന്തസ് കളയുന്ന നടപടിയെടുക്കാന്‍ അക്കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അനുവദിച്ചിട്ടില്ല.
അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ജാനകി സിനിമയ്ക്കും അതിന്‍റെ കലാകാരന്മാര്‍ക്കൊപ്പമാണ്. സിനിമയ്ക്ക് മേല്‍ കത്രിക വച്ച ഓരോ സെന്‍സര്‍ ബോര്‍ഡംഗവും രാജ്യത്തിന്‍റെ ഭരണഘടനയും ചരിത്രവും പഠിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു. സെന്‍സര്‍ ബോര്‍ഡിന്‍റെ ഇന്നത്തെ നിലപാട് ആശങ്കയും ഭയവും സൃഷ്ടിക്കുന്നതാണ്. എമ്പുരാന്‍ സിനിമയ്ക്കും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷം അതിലെ ഭാഗങ്ങള്‍ വെട്ടിമാറ്റേണ്ടിവന്നു.
ബിജെപി ഈ രാജ്യത്തെ എവിടേക്കാണ കൊണ്ടുപോകുന്നത്? ആരെയൊക്കെ ഭയപ്പെട്ടാണ് ഓരോ കലാകാരന്മാരും തങ്ങളുടെ കലാസൃഷ്ടികള്‍ക്ക് രൂപം നല്‍കേണ്ടത്? വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പും നിലപാട് വ്യക്തമാക്കണം. കോടതി വരെ കയറിയ ഈ വിഷയത്തില്‍ ഇപ്പോഴും കേന്ദ്രസര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് സംശയാസ്പദമാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രഖ്യാപിത അജൻഡയാണിയിത്. ഇഷ്ടമുള്ള ഭക്ഷണവും വസ്ത്രവും പേരും ഒടുവില്‍ കലാരൂപവും എന്നതിലേക്കാണ് ബിജെപിയുടെ കേന്ദ്ര ഭരണകൂടം ലക്ഷ്യമിടുന്നതെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.