തിരുവനന്തപുരം: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് കേരളത്തിൽ നിന്ന് 16 സീറ്റ് സ്വന്തമാക്കുമെന്ന് ഇന്ത്യ ടിവി-സിഎൻഎക്സ് സർവേ റിപ്പോർട്ട്.
സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള എൽഡിഎഫിന് 4 സീറ്റ് മാത്രമാണ് പ്രവചിക്കുന്നത്. എന്നാൽ ഇത് 2019ലെ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ മൂന്നെണ്ണം കൂടുതലാണ്. ഒരു സീറ്റാണ് കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിനു കേരളത്തിൽ ലഭിച്ചത്.
വോട്ട് ശതമാനം കണക്കാക്കുമ്പോൾ എൽഡിഎഫിന് 39 ശതമാനവും യുഡിഎഫിന് 47 ശതമാനവുമാണ് സർവേയിലെ പ്രവചനം. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 13 ശതമാനം വോട്ട് കിട്ടുമെന്നും കണക്കാക്കുന്നു. എന്നാൽ, അടുത്ത തവണയും ബിജെപിക്ക് കേരളത്തിൽ നിന്ന് സീറ്റുണ്ടാകില്ലെന്നാണ് സർവേയിലെ കണ്ടെത്തൽ.