താമിര്‍ ജിഫ്രി 
Kerala

താമിർ ജിഫ്രിയുടെ കസ്റ്റഡി മരണം: സിബിഐ അന്വേഷണത്തിൽ ആശങ്കയുമായി കുടുംബം

എസ്പി സുജിത് ദാസിനെതിരേ കേസെ‌ടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും

മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതകത്തിലെ സിബിഐ അന്വേഷണത്തിൽ കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ കുടുംബത്തിന് ആശങ്ക. അന്വേഷണം ശരിയായ ദിശയിൽ നടക്കുന്നില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി പറഞ്ഞു. എസ്പി സുജിത് ദാസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഗൂ‌ഢാലോചന കേസിൽ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു.

താമിർജെഫ്രിയെ കൊലപ്പെടുത്തിയതിൽ ഒന്നാം പ്രതി മലപ്പുറം എസ്പി ആയിരുന്ന എസ് സുജിത് ദാസാണെന്നും സഹോദരൻ പറഞ്ഞു. ഡാൻസാഫ് ഉദ്യോഗസ്ഥരെ നിയന്ത്രിച്ചിരുന്നത് സുജിത് ദാസാണെന്നും ഹാരിസ് ജഫ്രി പറയുന്നു. താഴെതട്ടിലുള്ള ഉദ്യോഗസ്ഥർ മാത്രം ശിക്ഷിപ്പെടുന്ന പതിവ് രീതിക്ക് മാറ്റം വരണം. കേസിലെ ഗൂഢാലോചന അന്വേഷിക്കണം. സിബിഐ കേസ് ഏറ്റെടുത്ത് ഒരു വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും സിബിഐ തങ്ങളെ അറിയിക്കുന്നില്ല. അന്വേഷണ സംഘത്തെ വിളിച്ചാൽ കിട്ടാറില്ല. കേസ് നാലുപേരിൽ ഒതുക്കാനാണ് ശ്രമം. ഉന്നതരെ സംരക്ഷിക്കാൻ ആളുകൾ ഉണ്ടോ എന്ന് സംശയിക്കേണ്ടി വരുന്നു. സിബിഐ ഗൂഢാലോചന അന്വേഷിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും സഹോദരൻ അറിയിച്ചു.

പൊലീസ് കസ്റ്റഡിയിലെടുത്ത താമിർ ജെഫ്രിയുടെ മരണത്തിന് പിന്നിൽ പൊലീസിലെയും കസ്റ്റംസിലെയും ഉന്നതർ ഉൾപ്പെട്ട സ്വർണം പൊട്ടിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് പി.വി. അൻവർ ആരോപിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായിരിക്കുന്നത്. ഇതേത്തുടർന്ന് മലപ്പുറം മുൻ എസ്പി സുജിത്ത് ദാസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്തു. പി.വി. അൻവറുമായി നടത്തിയ സംഭാഷണത്തിൽ വ്യക്തത വരുത്താൻ വേണ്ടിയാണ് ചോദ്യം ചെയ്തതെന്നായിരുന്നു വിശദീകരണം. സിബിഐ തിരുവനന്തപുരം ക്രൈം യൂണിറ്റാണ് താനൂർ കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്നത്.

2023 ജൂലൈ 31-ന് വൈകീട്ട് നാല് മണിയോടെ ചേളാരിയിലെ താമിറിന്‍റെ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്നുമാണ് എസ്പിയുടെ സ്പെഷല്‍ സ്ക്വാഡായ ഡാന്‍സഫ് ടീം താമിര്‍ അടക്കം 12 പേരെ പിടികൂടിയത്. താനൂരിലെ പൊലീസ് ക്വാര്‍ട്ടേഴ്സിലെത്തിച്ച് താമിറിനെ മര്‍ദിക്കുകയും ഒരു മണിയോടെ പൊലീസിന് കൈമാറുകയുമായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയ താമിര്‍ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. എംഡിഎംഎ കൈവശം വെച്ചതിനാണ് അറസ്‌റ്റ് എന്നാണ് പൊലീസ് കേസ്.

''അമീബിക് മസ്തിഷ്ക ജ്വരം പടർന്നു പിടിക്കുന്നു''; കപ്പൽ മുങ്ങി, വീണ ജോർജിനെതിരേ പ്രതിപക്ഷം

ആശുപത്രികളിലെ ഉപകരണക്ഷാമം പരിഹരിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി അനുവദിച്ചു

ശബരിമലയിലെ സ്വർണപ്പാളി കേസ്; വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

പ്രധാനമന്ത്രിയുടെയും അമ്മയുടെയും എഐ വിഡിയോ ഉടൻ നീക്കണം: കോടതി

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വ‍യർ കുടുങ്ങിയ സംഭവം; വീഴ്ച സമ്മതിച്ച് ആരോഗ്യ മന്ത്രി