Representative graphics for a day care Image by gstudioimagen1 on Freepik
Kerala

ഡേ കെയറിൽനിന്ന് കുട്ടി ഇറങ്ങിപ്പോയ സംഭവം: അധ്യാപകരെ പിരിച്ചുവിട്ടു

സംഭവത്തിന് ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് പിടിഎ രക്ഷാകര്‍ത്താക്കള്‍ ആവശ്യപ്പെട്ടിരുന്നു

തിരുവനന്തപുരം: നേമത്ത് രണ്ടു വയസുകാരന്‍ ഡേ കെയറില്‍ നിന്ന് തനിച്ച് വീട്ടില്‍ എത്തിയ സംഭവത്തില്‍ അധ്യാപകരെ പിരിച്ചുവിട്ടു. ഡേ കെയര്‍ ജീവനക്കാരായ വി.എസ്. ഷാന, റിനു ബിനു എന്നിവരെയാണ് പിരിച്ചുവിട്ടത്. സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം ചേര്‍ന്ന പിടിഎ യോഗത്തില്‍ സംഭവത്തിന് ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് രക്ഷാകര്‍ത്താക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

നേമം കാക്കാമൂല അര്‍ച്ചന-സുധീഷ് ദമ്പതികളുടെ മകന്‍ അങ്കിത് സുധീഷാണ് കഴിഞ്ഞ തിങ്കളാഴ്ച സ്‌കൂള്‍ അധികൃതര്‍ അറിയാതെ ഡേ കെയറില്‍ നിന്ന് വീട്ടിലെത്തിയത്. ജീവനക്കാരില്‍ മൂന്നുപേര്‍ ഒരു കല്യാണത്തിന് പോയിരുന്നതിനാല്‍ ഒരാള്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവര്‍ അറിയാതെയാണ് കാക്കാമൂലയിലെ ഡേ കെയറില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് കുട്ടി തനിച്ച് എത്തിയത്.

വീട്ടുകാര്‍ വിവരം തിരക്കിയപ്പോള്‍ ആണ് കുട്ടി അവിടെ ഇല്ലെന്നും വീട്ടിലെത്തിയെന്നും ഡേ കെയര്‍ ജീവനക്കാര്‍ അറിയുന്നത്. ഉച്ച ഭക്ഷണത്തിനു ശേഷം കുട്ടികള്‍ ഉറങ്ങുന്ന സമയത്ത് മാത്രമാണ് ജീവനക്കാര്‍ക്ക് പുറത്തു പോകാന്‍ അനുവാദമുള്ളത്. സംഭവത്തിനു പിന്നാലെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി റിപ്പോർട്ട് തേടിയിരുന്നു. സംസ്ഥാനത്തെ ഡേ കെയറുകളുടെ പ്രവർത്തനം പഠിച്ച് എസ്‌സിഇആർടി സർക്കാരിന് റിപ്പോർട്ട് നൽകും.

കോന്നി പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി

രാജ്യസുരക്ഷ പ്രധാനം; തുർക്കി കമ്പനി സെലബിയുടെ ഹർജി തള്ളി

പഹൽഗാം ഭീകരാക്രമണം: പ്രതികളെ 10 ദിവസം കൂടി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു

ഉറക്കഗുളിക ജ്യൂസിൽ കലർത്തി നൽകി അധ്യാപകൻ നിരന്തരം പീഡിപ്പിച്ചു; 14കാരി ജീവനൊടുക്കി

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി