കോഴിക്കോട്: താമരശേരിയിൽ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആഷിഖ് നേരത്തെയും കൊലപാതകം നടത്താൻ ശ്രമിച്ചിരുന്നുവെന്ന് പൊലീസ്. അമ്മ സുബൈദയെ കൊല്ലുമെന്ന് പ്രതി പലരോടും പറഞ്ഞിരുന്നതായി താമരശേരി സിഐ സായൂജ് മാധ‍്യമങ്ങളോട് പറഞ്ഞു. മകൻ അമ്മയോട് സ്വത്ത് എഴുതി നൽകാൻ ആവശ‍്യപ്പെട്ടിരുന്നതായും പണം ആവശ‍്യപ്പെടാറുണ്ടെന്നും സിഐ പറഞ്ഞു. ഇതെല്ലാം അമ്മയോടുള്ള വൈരാഗ‍്യത്തിന് കാരണമായിരിക്കാമെന്നും സായൂജ് കുമാർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. ബ്രയിൻ ട‍്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലായ അമ്മയെ മകൻ വെട്ടിക്കാലപ്പെടുത്തുകയായിരുന്നു. ജന്മം നൽകിയതിനുള്ള ശിക്ഷയാണെന്നായിരുന്നു കൊലപാതകത്തിന് പിന്നാലെ പ്രതി നടത്തിയ പ്രതികരണം. നിലവിൽ താമരശേരി പൊലീസിന്‍റെ കസ്റ്റഡിയിലാണ് ആഷിഖ്. അമ്മയായ സുബൈദ സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു താമസിച്ചുകൊണ്ടിരുന്നത്.
ഷക്കീല ജോലിക്ക് പോയ സമയത്തായിരുന്നു ആഷിഖ് കൊല നടത്തിയത്. അയൽവാസികളുടെ അടുത്തു നിന്ന് തേങ്ങ പൊതീക്കാനെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങുകയും മാതാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ടാണ് സമീപവാസികൾ ഓടിയെത്തിയത്. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ് ടുവിന് ഓട്ടോ മൊബൈൽ കോഴ്സ് പഠിച്ച ആഷിഖ് കോളെജിൽ ചേർന്ന ശേഷമാണ് മയക്കുമരുന്നിന് അടിമയായതെന്നാണ് ഷക്കീല പറയുന്നത്.
ലഹരിക്ക് അടിമയായതിന് പിന്നാലെ ആഷിഖ് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. പ്രശ്നമുണ്ടാക്കിയപ്പോൾ ഒരു തവണ നാട്ടുക്കാർ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചിരുന്നു. പിന്നീട് ആഷിഖിനെ ഡീ അഡിക്ഷൻ സെന്‍ററിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞാണ് നാട്ടിൽ തിരിച്ചെത്തിയത്. പിന്നാലെയാണ് മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്.