പിണറായി വിജയൻ
file image
തിരുവനന്തപുരം: ജനങ്ങളുടെ ജീവിതക്ഷേമം ഉറപ്പാക്കുന്ന പൊതുവായ വികസനമാണ് സർക്കാർ ലക്ഷ്യമെന്നും അതിന്‍റെ ദൃഷ്ടാന്തമാണ് 'മുഖ്യമന്ത്രി എന്നോടൊപ്പം' (CM with ME) സിറ്റിസൺ കണക്റ്റ് സെന്‍ററെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളാണ് ഭരണത്തിന്‍റെ കേന്ദ്രവും ലക്ഷ്യവുമെന്നത് ഉൾക്കൊണ്ടാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. സിറ്റിസൺ കണക്റ്റ് സെന്‍റർ ഉദ്ഘാടനം വെള്ളയമ്പലത്ത് പഴയ എയർ ഇന്ത്യ ഓഫിസിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കണക്റ്റ് സെന്‍റ വേറെ എവിടെയും ഇല്ലാത്ത സംവിധാനമാണ്. പൊതുജനങ്ങളും സർക്കാരും തമ്മിൽ ആശയവിനിമയ രംഗത്തു വിടവെന്തെങ്കിലും ഉണ്ടെങ്കിൽ അതു തീർക്കാനും ജനങ്ങളുടെ പ്രശ്നങ്ങൾക്കു മേൽ സമയബന്ധിതമായി നടപടിയെടുക്കാനും എടുത്ത നടപടി നിശ്ചിത സമയത്തിനുള്ളിൽ ജനങ്ങളെ അറിയിക്കാനുമാണ് ഈ സംവിധാനം. സി എം വിത്ത് മി - യിലേക്ക് ഒരു കാര്യം വിളിച്ചു പറഞ്ഞാൽ, പരാതി അറിയിച്ചാൽ അതിന്മേൽ എടുത്ത നടപടി 48 മണിക്കൂറിനകം ഉത്തരവാദിത്വത്തോടെ തിരികെ വിളിച്ച് അറിയിച്ചിരിക്കും- മുഖ്യമന്ത്രി പറഞ്ഞു.
സി എം വിത്ത് മി പരിപാടിയുടെ കാര്യക്ഷമതയ്ക്കായി എല്ലാ വകുപ്പുകളിൽ നിന്നുമുള്ള വിദഗ്ധ ഉദ്യോഗസ്ഥരുടെ പിന്തുണയും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ മേൽനോട്ടവുമുണ്ടാകും. പൊലീസ് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ പൊലീസിലെ 10 പേരടങ്ങുന്ന ടീം ഇതിലുണ്ടാകും. എല്ലാ ജില്ലകളിലും നോഡൽ ഓഫീസുകളുണ്ടാകും.
മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. സിറ്റിസൺ കണക്റ്റ് സെന്‍ററിലേക്ക് ആദ്യമായി വിളിച്ച സിനിമാ നടൻ ടോവിനോ തോമസുമായി മുഖ്യമന്ത്രി സംസാരിച്ചു. തുടർന്ന് വന്ന മൂന്നു കോളുകൾ സ്വീകരിച്ച് ജനങ്ങളോട് മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചു.
ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് , മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ഡോ. ആർ. ബിന്ദു, പി.എ. മുഹമ്മദ് റിയാസ്, കെ.എൻ. ബാലഗോപാൽ, വീണാ ജോർജ്, കെ. കൃഷ്ണൻകുട്ടി, വി. ശിവൻകുട്ടി, എ.കെ. ശശീന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. 1800-425-6789 എന്ന ടോൾഫ്രീ നമ്പരിലൂടെ സിറ്റിസൺ കണക്റ്റ് സെന്‍ററിലേക്ക് ജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും അറിയിക്കാം.