കണ്ണൂർ: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.കെ. രമ എംഎല്‍എ. കെ.സി. രാമചന്ദ്രനുള്‍പ്പടെയുളള പ്രതികൾക്ക് 1000 ത്തിലധികം ദിവസം പരോള്‍ കൊടുത്തിരിക്കുന്നത് എന്ത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് കെ.കെ. രമ ചോദിച്ചു.
ഗുണ്ടകൾക്കും കൊലയാളികൾക്കും സംരക്ഷണം കൊടുത്ത സർക്കാരെന്ന് ഈ സർക്കാർ അറിയപ്പെടാൻ പോവുകയാണെന്നും രമ പറഞ്ഞു. പ്രതികൾക്ക് ജാമ്യം ലഭിച്ചില്ലെങ്കിൽ പ്രതികളുടെ വായില്‍ നിന്ന് എന്തെങ്കിലും പുറത്ത് വന്നാല്‍ സിപിഎം നേതൃത്വത്തിന് അത് ശുഭകരമായിരിക്കില്ല എന്ന ധാരണ അവർക്കുളളത് കൊണ്ടാണ് സംരക്ഷണം നൽകുന്നതെന്ന് രമ ആരോപിച്ചു.
"അല്ലെങ്കില്‍ എത്ര പ്രതികള്‍ ജയിലിനുള്ളിലുണ്ട്. അവരോടൊന്നും കാണിക്കാത്ത ഈ സഹാനുഭൂതി എന്തിനാണ് ഇവരോട് കാണിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പോകുന്നതിന് മുന്‍പ് അവരെ പുറത്ത് കൊണ്ടുവരാന്‍ നീക്കം നടത്തുമെന്നതില്‍ ഒരു സംശയവും വേണ്ട.
ഹൈക്കോടതിയെപ്പോലും വെല്ലുവിളിച്ചുകൊണ്ട് ശിക്ഷാ ഇളവിനു വേണ്ടിയുള്ള പട്ടികയില്‍ ഇവരുടെ പേരുള്‍പ്പെടുത്തിയില്ലേ. മാധ്യമങ്ങള്‍ ആ പട്ടിക പുറത്ത് കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ അവര്‍ പുറത്തിറങ്ങുമായിരുന്നില്ലേ'' എന്ന് രമ വ്യക്തമാക്കി.