വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണത്തില്‍ പ്രശ്നം പരിഹരിച്ചു പോവുകയെന്നതാണ് സർക്കാരിന്‍റെ നിലപാടെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാരിനെ വിമര്‍ശിച്ച മാനേജ്മെന്‍റ് പ്രതിനിധികൾ ഉള്‍പ്പെടെ മുഖ്യമന്ത്രിയെയും തന്നെയും വന്നു കണ്ടിരുന്നു. ബന്ധപ്പെട്ട മാനേജ്മെന്‍റുകളുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കും. ഭിന്നശേഷി സംവരണ നിയമനത്തിൽ മാനേജ്മെന്‍റുകൾക്ക് വ്യക്തത ഉണ്ടാകുന്നതിന് വേണ്ടി സർക്കുലറുകളും ഉത്തരവുകളുടെയും കൈപ്പുസ്തകം തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.1,503 ഭിന്നശേഷി ഉദ്യോഗാര്‍ഥികളെയാണ് നിലവില്‍ എയിഡഡ് സ്കൂളുകളില്‍ നിയമിച്ചിരിക്കുന്നത്. 1,345 ഒഴിവുകള്‍ എംപ്ലോയ്മെന്‍റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഭിന്നശേഷി സംവരണ റോസ്റ്റര്‍ പ്രകാരം ഏഴായിരത്തോളം ഒഴിവുകളാണ് മാനേജ്മെന്‍റുകള്‍ മാറ്റി വെയ്ക്കേണ്ടത്. സമന്വയില്‍ 4,999 മാനേജ്മെന്‍റുകളാണ് ഉള്ളത്. അതില്‍ 1,151 മാനേജ്മെന്‍റുകളാണ് ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എല്ലായിടത്തെയും ഒഴിവുകൾ സംബന്ധിച്ച റിപ്പോർട്ട് നൽകാൻ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ എയ്ഡഡ് സ്കൂളിലെ ഭിന്നശേഷി സംവരണ നിയമനം ഒരു വഴിക്കാട്ടി എന്ന കൈപ്പുസ്തകത്തിന്‍റെ പ്രകാശനം മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. എസ് ചിത്രയ്ക്ക് നൽകി പ്രകാശനം ചെയ്തു. ഭിന്നശേഷി നിയമനത്തില്‍ സംവരണം ഉറപ്പാക്കുന്നതിന് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദ്ദേശങ്ങള്‍ കൈപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംവരണം നടപ്പാക്കേണ്ടതിന്‍റെ വിശദാംശങ്ങൾ, ബാക്ക്‌ലോഗ് ഒഴിവുകൾ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങൾ, റോസ്റ്റർ തയ്യാറാക്കൽ, തസ്തികകളുടെ വർഗീകരണം, എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയുള്ള നിയമന പ്രക്രിയകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിവിധ വിധിന്യായങ്ങൾ, സർക്കാർ ഉത്തരവുകൾ, ദിവസവേതന/പ്രൊവിഷണൽ നിയമനങ്ങൾ, ശമ്പള ആനുകൂല്യങ്ങൾ, റഗുലറൈസേഷൻ, മറ്റ് അവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരണവും കൈപുസ്തകത്തിലുണ്ട്.