തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജ് യൂറോളജി വിഭാഗം ശാസ്ത്രക്രിയാ ഉപകരണങ്ങൾ കാണാതായെന്ന് ഉപസമിതി കണ്ടെത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. വകുപ്പുതല അന്വേഷണത്തിൽ ഇവ കണ്ടെത്താനായില്ലെങ്കിൽ അന്വേഷണം പൊലീസിന് വിടുമെന്നും മന്ത്രി അറിയിച്ചു.
ഓസിലോസ്കോപ്പ് എന്ന ഉപകരണമാണ് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ യൂറോളജി വകുപ്പിൽ നിന്നു കാണാതായത്. 20 ലക്ഷത്തോളം രൂപ വിലവരുന്ന ഉപകരണമാണിത്. യൂറോളജി വകുപ്പിലെ ചില ഉപകരണങ്ങൾ ബോധപൂർവം കേടാക്കിയെന്നും വിദഗ്ധ സമിതി റിപ്പോർട്ടിലുണ്ട്.
ഇതോടെ ഉപകരണങ്ങൾ സംബന്ധിച്ച കാര്യങ്ങൾ എസ്റ്റിമേറ്റ് ചെയ്യാൻ ആരോഗ്യ വകുപ്പ് ഒരുങ്ങുകയാണ്. ഡോ. ഹാരിസ് ചിറയ്ക്കൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിദഗ്ധ സമിതിയെ നിയമിച്ചതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും.
അതേസമയം, സംഭവത്തിൽ ഡോ. ഹാരിസിനോട് വിശദീകരണം ചോദിച്ചത് സ്വഭാവിക നടപടിയാണെന്ന് മന്ത്രി വ്യക്തമാക്കി. പെരുമാറ്റ ചട്ടത്തിന്‍റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്നും ഇതൊരു സ്വഭാവിക നടപടിയായി മാത്രം കണ്ടാൽ മതിയെന്നും മന്ത്രി വിശദീകരിച്ചു.