ബീച്ചിൽ വാഹനവുമായി അഭ്യാസപ്രകടനം
തൃശൂർ: ചെന്ത്രാപ്പിന്നി ചാമക്കാല ബീച്ചിൽ വാഹനം ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ 14 വയസുകാരന് ദാരുണാന്ത്യം. ബീച്ചിൽ കുളിക്കാനെത്തിയ മുഹമ്മദ് സിനാനാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ടായിരുന്നു അപകടം. ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പുറകിലിരുന്ന സിനാൻ തെറിച്ചുവീണു. പിന്നാലെ വാഹനം കുട്ടിയുടെ ശരീരത്തിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കയ്പമംഗലം സ്വദേശി ഷജീറാണ് വാഹനവുമായി ബീച്ചിൽ അഭ്യാസപ്രകടനം നടത്തിയത്.
ഷജീർ ജിപ്സി വാഹനത്തിൽ പ്രകടനം നടത്തുകയായിരുന്നു. ബീച്ചിൽ കുളിക്കാനെത്തിയ നാല് കുട്ടികളെ ഇയാൾ വാഹനത്തിൽ കയറ്റിയിരുന്നു. ഇതിന് ശേഷം ഇയാൾ കുട്ടികളോടെപ്പം ജീപ്പ് ഡ്രിഫ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ഷജീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനപൂർവ്വമല്ലാത്ത നരഹത്യ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.