അബ്ദുൾ ഗഫൂർ
മലപ്പുറം: കാളികാവിൽ റബർ ടാപ്പിങ്ങിനു പോയ തൊഴിലാളിയെ കടുവ കടിച്ചു കൊന്ന സംഭവത്തിൽ കടുവയെ മയക്കുവെടി വയ്ക്കാൻ തീരുമാനം. ഇതു സംബന്ധിച്ച് ഉത്തരവ് ഉടൻ ഇറങ്ങും. ഇതിന്‍റെ ഭാഗമായി ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം കാളികാവിലേക്ക് എത്തും.
വ‍്യാഴാഴ്ച രാവിലെയോടെയായിരുന്നു റബർ ടാപ്പിങ്ങിനു പോയ ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൾ ഗഫൂറിനെ കടുവ കടിച്ചുകൊന്നത്. കടുവ വലിച്ചിഴച്ചു കൊണ്ടു പോവുന്നത് കണ്ടുവെന്നാണ് കൂടെയുണ്ടായിരുന്നയാൾ പറഞ്ഞത്.
അതേസമയം സംഭവ സ്ഥലത്തെത്തിയ ഡിഎഫ്ഒയെ തടഞ്ഞും മൃതദേഹം മാറ്റാൻ അനുവദിക്കാതെയും നാട്ടുകാർ പ്രതിഷേധിച്ചു. 4 മണിക്കൂറോളം ഡിഎഫ്ഒയെ തടഞ്ഞുവച്ചതായാണ് വിവരം.
കടുവയെ വെടിവച്ചു കൊല്ലണമെന്നും നഷ്ടപരിഹാരം പ്രഖ‍്യാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ‍്യം. സമാനമായ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ വനംവകുപ്പിന്‍റെ ഭാഗത്തു നിന്നും ശക്തമായ ഇടപെടൽ ഉണ്ടായില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മരിച്ച ഗഫൂറിന്‍റെ കുടുംബത്തിന് താത്കാലിക ജോലി നൽകാൻ ധാരണയായിട്ടുണ്ട്.