വയനാട്: വയനാട്ടിൽ പുലിയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീതിനാണ് പരുക്കേറ്റത്. മുട്ടിൽ മലയിലെ സ്വകാര‍്യ എസ്റ്റേറ്റിൽ തിങ്കളാഴ്ച പകൽ 12 മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റ വിനീതിനെ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റിലെ തൊഴിലാളിയാണ് വിനീത്. പുലി ചാടി വന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പുലിയുടെ നഖം കൊണ്ടാണ് പരുക്കേറ്റത്. വയനാട് മാനന്തവാടിയിൽ ഭീതി പരത്തിയ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തിയ ആശ്വാസത്തിൽ നിൽക്കെയാണ് ഇപ്പോൾ പുലിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.