ടി.പി. രാമകൃഷ്ണൻ, ശശി തരൂർ
തിരുവനന്തപുരം: കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന ശശി തരൂർ മുഖ‍്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള വ‍്യവസായിയുമായി ചർച്ച നടത്തിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വന്ന സാഹചര‍്യത്തിൽ തരൂരിനെ എൽഡിഎഫ് സ്വീകരിക്കുമെന്ന് വ‍്യക്തമാക്കിയിരിക്കുകയാണ് കൺവീനർ ടി.പി. രാമകൃഷ്ണൻ.
ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ അദ്ദേഹത്തെ എൽഡിഎഫ് സ്വീകരിക്കുമെന്നും തരൂരുമായി ചർച്ചയ്ക്ക് തയാറാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. എൽഡിഎഫിന്‍റെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് പറഞ്ഞ രാമകൃഷ്ണൻ മതനിരപേക്ഷ നിലപാടുള്ള ആർക്കും എൽഡിഎഫിലേക്ക് വരാമെന്ന് കൂട്ടിച്ചേർത്തു.
എന്നാൽ തരൂർ നിലപാട് വ‍്യക്തമാക്കട്ടെയെന്നാണ് പാർട്ടിയുടെ തീരുമാനം. ഡൽഹിയിൽ എഐസിസി വിളിച്ച ചർച്ചയിൽ ശശി തരൂർ പങ്കെടുത്തിരുന്നില്ല. ചൊവ്വാഴ്ച ചേരുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലും തരൂർ പങ്കെടുക്കില്ലെന്നാണ് സൂചന.