ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ; പ്രതി റമീസിന്‍റെ സുഹൃത്ത് സഹദ് പൊലീസ് കസ്റ്റഡിയിൽ
കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി റമീസിന്‍റെ സുഹൃത്ത് സഹദ് പൊലീസ് കസ്റ്റഡിയിൽ. സഹദിന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. തിങ്കളാഴ്ച രാവിലെ റമീസിന്‍റെ മാതാപിതാക്കളെ തമിഴ്നാട്ടിൽ നിന്നു പിടികൂടിയിരുന്നു. ഇരുവർക്കുമെതിരേ ആത്മഹത്യാ പ്രേരണാ കുറ്റമാണ് ചുമത്തിയിട്ടുളളത്. റമീസിന്‍റെ അറസ്റ്റിനു പിന്നാലെയാണ് മാതാപിതാക്കൾ ഒളിവിൽ പോയത്.
കേസിലെ രണ്ടാം പ്രതിയാണ് റമീസിന്‍റെ അച്ഛൻ റഹീം, അമ്മൂമ ഷെരീഫ മൂന്നാം പ്രതിയും. പ്രതികൾക്കായി പറവൂരുള്ള വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തമിഴ്നാട്ടിൽ ഉണ്ടെന്ന വിവരം ലഭിക്കുന്നത്.
കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്‍റെ മകൾ സോന ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ആൺ സുഹൃത്ത് റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓഗസ്റ്റ് 9 ശനിയാഴ്ചയാണ് സോനയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
റമീസും കുടുംബവും മതം മാറാൻ നിർബന്ധിച്ചിരുന്നു എന്നും, രജിസ്റ്റർ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് റമീസ് കൂട്ടിക്കൊണ്ടുപോവുകയും, വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഉൾപ്പെടെയുളള ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. വീട്ടിൽ കൊണ്ടു പോയി പൂട്ടിയിട്ട് സോനയെ റമീസും കുടുംബാംഗങ്ങളും മർദിച്ചുവെന്നും പെൺകുട്ടിയുടെ സഹോദരൻ ബേസിൽ പറയുന്നു. മതം മാറ്റത്തിന് വിസമ്മതിച്ച തന്നോട് ക്രൂരത തുടർന്നെന്നും പെൺകുട്ടിയുടെ കുറിപ്പിലും വ്യക്തമാകുന്നുണ്ട്.