4 മണിക്ക് എഴുന്നേൽക്കാനാവില്ല, 8 മണിവരെ ഉറങ്ങണം; വിചിത്ര രാജിക്കത്തുമായി ഒരു പൊലീസുകാരൻ
ലഖ്നൗ: വിചിത്രവും വ്യക്തസ്ഥവുമായ നിരവധി രാജികത്തുകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ ഒരു പൊലീസുകാരന്‍റെ രാജിക്കത്ത് കണ്ട് മേലാധികാരികൾ വരെ അന്തംവിട്ടിരിക്കുകയാണ്. സംഭവം യുപിയിലാണ്.
പൊലീസ് പരിശീലനം 4 മണിക്ക് ആരംഭിക്കുന്നതാണ് യുവാവിന്‍റെ പ്രശ്നം. പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കാനാവില്ലെന്നും 8 മണിവരെ കിടന്നുറങ്ങുന്ന ശീലം തനിക്കുണ്ടെന്നതുമാണ് രാജിവയ്ക്കാനുള്ള യുവാവിന്‍റെ കാരണം. പരിശീലനം ആരംഭിച്ച 5-ാം നാൾ പിതാവുമൊത്ത് ഓഫിസിലെത്തി എസിപിയെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കാര്യങ്ങൾ തിരക്കിയ എസ്പിയുടെ പബ്ലിക് റിലേഷൻ ഓഫിസർ ഡോ. മഹേന്ദ്ര കുമാറിനോട് യുവാവ് കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു.
തനിക്ക് എല്ലാ ദിവസവും 8 മണിവരെ കിടന്നുറങ്ങണം. 4 മണിക്ക് എഴുന്നേൽക്കാനാവില്ല. ദിവസം മിഴുവനുള്ള പഠിന പരിശീലനം താങ്ങാനാവില്ലെന്നും കത്തിൽ യുവാവ് വിശദീകരിക്കുന്നു. ബിഎഡ് ബിരുദമുള്ള മകന് അധ്യാപകനാണ് താത്പര്യമെന്നും ഇത്ര കഠിനമായ പരിശീലനം പ്രതീക്ഷിച്ചിരുന്നില്ലെന്നും പിതാവ് വിശദീകരിക്കുന്നു.
എന്നാൽ മഹേന്ദ്ര കുമാറിന്‍റെ കൗൺസിലിങ്ങിൽ യുവാവ് തീരുമാനം മാറ്റി. പരിശീലന സമയത്ത് ഇത്തരം പ്രശ്നങ്ങൾ സ്വഭാവികമാണെന്നും കാര്യങ്ങൾ ക്രമേണ അനുകൂലമാവുമെന്നും മഹേന്ദ്ര നിർദേശിച്ചു. പിന്നാലെ രാജിക്കത്ത് എസ്പിക്ക് നൽകേണ്ടതില്ലെന്നും പരിശീലനം പൂർത്തിയാക്കാമെന്നും തീരുമാനിച്ച് യുവാവ് മടങ്ങുകയായിരുന്നു.