കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വിമർശനങ്ങൾക്ക് മറുപടി നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശ്രീരാനായണ ഗുരുദേവൻ എന്തു പറയരുതെന്ന് പറഞ്ഞോ, അതാണ് വെള്ളാപ്പള്ളി നടേശൻ പറയുന്നത്. അത് ഗുരുനിന്ദയാണ്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതിനുള്ള ഇടത് തന്ത്രത്തിന്‍റെ ഉപകരണമായി വെള്ളാപ്പള്ളി മാറരുത്. വർഗീയതയ്ക്കും വിദ്വേഷ പ്രചരണത്തിനുമെതിരായ യുഡിഎഫ് നിലപാടിൽ മാറ്റമില്ല. മുന്നിൽ നിന്ന് വെട്ടേറ്റാൽ വീരാളിപ്പട്ട് പുതച്ച് കിടക്കുമെന്നും തെരഞ്ഞെടുപ്പിൽ തോറ്റാൽ സാരമില്ലെന്ന് വയ്ക്കും, പിന്തിരിഞ്ഞ് ഓടില്ലയെന്നും സതീശൻ വ്യക്തമാക്കി.
സിപിഎമ്മും ബിജെപിയും സംഘപരിവാറും തെരഞ്ഞെടുപ്പു വരുമ്പോൾ വ്യാപകമായി വർഗീയത പ്രചരിപ്പിക്കുകയാണ്. കേരളീയർ മതേതരവാദികളാണ്, മതധ്രുവീകരണത്തിനുള്ള ഒരു സാധ്യതയും ഇവിടെയില്ല. ഞങ്ങളുടെ കൂടെ ജനങ്ങളുണ്ട്. വിദ്വേഷപ്രചരണം നടത്തുന്ന എല്ലാവർക്കും കേരളം ചുട്ട മറുപടി നൽകുമെന്നും സതീശൻ പറഞ്ഞു.
ലീഗ് യുഡിഎഫിലെ പ്രധാന കക്ഷിയാണ്. എസ്എൻഡിപി -എൻഎസ്എസ് ബന്ധം തകർക്കുന്നതിനാൽ ലീഗിന് എന്തു റോളാണുള്ളതെന്നും സതീശൻ ചോദിച്ചു. യുഡിഎഫിന്‍റെയും ലീഗിന്‍റെയും സ്വരം ഒന്നു തന്നെയാണ്.
വെള്ളാപ്പള്ളിയുടെ പ്രായത്തെയും സ്ഥാനത്തെയും ബഹുമാനിക്കുന്നതിനാൽ തനിക്കെതിരേയുള്ള പരാമർശങ്ങൾക്ക് മറുപടി പറയാനില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.