മന്ത്രി വി. ശിവൻകുട്ടി
file image
കൊച്ചി: ആർഎസ്എസ് അനുകൂല ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്‍റെ ജ്ഞാന സഭയിൽ സർവകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരേ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഗവർണർ വൈസ് ചാൻസലർമാരെ ഭീഷണിപ്പെടുത്തിയാണ് സമ്മേളനത്തിൽ പങ്കെടുപ്പിച്ചതെന്നും ആർഎസ്എസിന്‍റെ പ്രവാചകനും പ്രചാരകനുമായി ഗവർണർ മാറിയെന്നും ശിവൻകുട്ടി പറഞ്ഞു.
കേരള സർവകലാശാലാ വിസി ഡോ. മോഹനൻ കുന്നുമ്മേൽ, കാലിക്കറ്റ് സർവകലാശാലാ വിസി ഡോ. പി. രവീന്ദ്രൻ, കണ്ണൂർ സർവകലാശാലാ വിസി ഡോ. കെ.കെ. സജു, ഫിഷറീസ് സർവകലാശാലാ വിസി ഡോ. എ. ബിജുകുമാർ എന്നിവരാണ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത്.
ആർഎസ്എസിന്‍റെ തത്വങ്ങൾ കുട്ടികളെ പഠിപ്പിക്കണം എന്ന നിലയിലാണ് ആർഎസ്എസ് തലവന്‍റെ പ്രസംഗമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഇത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധമാണെന്നും മതേതരത്വത്തിന് യോജിക്കാൻ സാധിക്കാത്തതാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.