തിരുവനന്തപുരം: ഗവർണറുടെ കൂലിത്തല്ലുകാരനെപ്പോലെയാണ് വൈസ് ചാൻസലർ പ്രവർത്തിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അത്തരത്തിലുള്ള ഒരു ചട്ടമ്പിത്തരവും അംഗീകരിച്ചു കൊടുക്കാൻ തയാറല്ല. ഇതു കേരളമാണെന്നും മന്ത്രി പറഞ്ഞു. ഗവർണറോട് രജിസ്ട്രാർ അനാദരവ് കാണിച്ചു എന്നാണ് ആരോപണം. യഥാർഥത്തിൽ ഗവർണറാണു സർവകലാശാല ചട്ടങ്ങളോട് അനാദരവ് കാണിച്ചത്.
ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ സ്ഥിരം നിയമലംഘകനാകുന്നുവെന്ന് ആരെങ്കിലും വിമർശിച്ചാൽ തെറ്റ് പറയാനാവില്ല. ചട്ടലംഘനം നടത്തിയതിനാൽ റദ്ദാക്കിയെന്ന് അറിഞ്ഞിട്ടും പരിപാടിയിൽ പങ്കെടുത്ത ഗവർണറുടേത് ഗുരുതര ചട്ടലംഘനമാണ്.
രാജ്യത്ത് ബിജെപി വിരുദ്ധ സർക്കാരുള്ള സംസ്ഥാനങ്ങളിലെല്ലാം ഗവർണർമാർ ആർഎസ്എസിന്‍റെയും ബിജെപിയുടേയും ദേശീയ നേതാക്കളുടെ നിർദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയതോടെ ഗവർണർമാർ സംസ്ഥാന ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരുണ്ട്. മന്ത്രിസഭ എടുക്കുന്ന തീരുമാനം നടപ്പിലാക്കുന്ന അധികാരം മാത്രമേ ഗവർണർക്കുള്ളൂ-മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.