ഇ. ശ്രീധരൻ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ.
തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ റെയ്ൽ പദ്ധതി ഉറപ്പിച്ച് സർക്കാർ. ഇതു സംബന്ധിച്ച് മെട്രൊ മാൻ ഇ. ശ്രീധരൻ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫിസിൽ നടന്ന 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ പാത സംബന്ധിച്ച കരട് റിപ്പോർട്ട് ശ്രീധരൻ കൈമാറി.
പിണറായി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായിരുന്ന കെ-റെയ്‌ൽ സിൽവർ ലെയ്‌നിന് ബദലായുള്ള ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽപാത സംബന്ധിച്ച സർക്കാരിന്‍റെ ഔദ്യോഗിക തീരുമാനം മന്ത്രിസഭയിൽ ചർച്ച ചെയ്ത് രണ്ടാഴ്ചയ്ക്കകം മറുപടി അറിയിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
നേരത്തേ പിണറായി സർക്കാരിന് മുന്നിൽ അവതരിപ്പിച്ച ബദൽ പദ്ധതിയുമായാണ് ശ്രീധരൻ ഇപ്പോൾ പുതിയ സർക്കാരിനെ സമീപിച്ചിരിക്കുന്നത്. നിലവിലുള്ള റെയ്‌ൽ പാതകളുമായി കൂട്ടിയോജിപ്പിക്കാൻ കഴിയുന്നതും ബ്രോഡ്‌ഗേജ് അടിസ്ഥാനമാക്കിയുള്ളതുമായ ഈ പദ്ധതിക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയാണ് വിഭാവനം ചെയ്യുന്നത്.
പദ്ധതിയുടെ വിശദമായ പദ്ധതി രേഖയുടെ (ഡിപിആർ) 70 ശതമാനത്തോളം പൂർത്തിയായിട്ടുണ്ടെന്നാണ് സൂചന. നിലവിലെ പദ്ധതികളെ അപേക്ഷിച്ച് ഈ ബദൽ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കൽ വളരെ കുറച്ചുമാത്രം മതി എന്നതിനാലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് അനുകൂല സമീപനം ഉണ്ടായതെന്നാണ് സൂചന.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ മൂന്ന് മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് പിന്നിടാന്‍ സാധിക്കുന്ന ബദല്‍ പാതയാണ് ശ്രീധരന്‍ മുന്നോട്ടുവയ്ക്കുന്നത്. 4 വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന പാതയുടെ ഏകദേശം 70 ശതമാനത്തോളം തൂണുകളിലൂടെയുള്ള എലിവേറ്റഡ് പാതയായും 20 ശതമാനത്തോളം ഭൂഗര്‍ഭ പാതയായും നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗം. 86,000 കോടി മുതല്‍ ഒരു ലക്ഷം കോടി വരെയാണ് ചെലവ്.
പൊന്നാനി എംഎൽഎ കെ.പി. നൗഷാദ് അലിയും പങ്കെടുത്ത ഈ ചർച്ചയ്ക്ക് ശേഷം വിഷയത്തിൽ തുടർചർച്ചകൾ നടത്താൻ തീരുമാനമായിട്ടുണ്ട്. ഈ പദ്ധതി സംബന്ധിച്ച് കേന്ദ്ര റെയ്‌ൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇ. ശ്രീധരൻ നേരത്തെ പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു.
സിൽവർ ലൈൻ പദ്ധതിയുടെ ഭൂമി വിജ്ഞാപനം വി.ഡി. സതീശൻ സർക്കാർ പിൻവലിച്ച സാഹചര്യത്തിൽ, അതിവേഗ റെയിൽ പദ്ധതിയിൽ പുതിയ സംസ്ഥാന സർക്കാരിന്‍റെ നിലപാട് എന്തായിരിക്കുമെന്നത് നിർണായകമാണ്. അനുകൂല പ്രതികരണം ലഭിക്കുകയാണെങ്കിൽ കേന്ദ്രവുമായി ചേർന്ന് തുടർന്നുള്ള നടപടികളിലേക്ക് അദ്ദേഹം കടക്കുമെന്നാണ് സൂചന.