Kerala

''എന്താണ് ഗ്രോ വാസു ചെയ്ത തെറ്റ്''; കേസ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

''51 വെട്ടിന് മനുഷ്യ ജീവനെടുത്തവരും രാജകീയമായി വാഴുന്ന കാലം''

തിരുവനന്തപുരം: മനുഷ്യാവകാശ പ്രവർത്തകന്‍ ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. കേസ് പിന്‍വലിച്ച് ജാമ്യത്തിനു നിയമപരമായ സാഹചര്യമുണ്ടാക്കണമെന്നും അദ്ദേഹത്തോടുള്ള പൊലീസിന്‍റെ പെരുമാറ്റത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നുമാണ് കത്തിലെ ആവശ്യം.

ഇതാദ്യമായാണ് ഗ്രോവാസുവിനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌‌‌‌‌‌‌ കോണ്‍ഗ്രസ് രംഗത്തെത്തുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും സമാനമായ ആവശ്യവുമായി രംഗത്തുവന്നിരുന്നു.

എന്താണ് ഗ്രോ വാസു ചെയ്ത തെറ്റ്. തീവ്രവാദിയോ കൊലപാതകിയോ രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുകയോ ചെയ്ത ഒരാളല്ല അദ്ദേഹം. 51 വെട്ടിന് മനുഷ്യ ജീവനെടുത്തവരും രാഷ്ട്രീയ എതിരാളികളെ അരുംകൊല ചെയ്തവരും ആൾമാറാട്ടവും വ്യാജ രേഖാ നിർമാണവും നടത്തുന്ന സിപിഐഎം ബന്ധുക്കളും പൊലീസ് കസ്റ്റഡിയിലും ജയിലിലും രാജകീയമായി വാഴുമ്പോഴാണ് ഒരു വയോധികനോട് കേരള പൊലീസ് മനുഷ്യത്വരഹിതമായി പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ പ്രത്യയശാസ്ത്രത്തോട് വിയോജിപ്പുള്ളവരുണ്ടാകാം എന്നാൽ 94-ാം വയസിലും അദ്ദേഹത്തിന്‍റെ ഉള്ളിലുള്ള പോരാട്ടവീര്യത്തെ അംഗീകരിച്ചേ മതിയാകൂ എന്നും വി.ഡി. സതീശന്‍ കത്തിൽ ചൂണ്ടികാട്ടി.

കത്തിന്‍റെ പൂർണരൂപം:

വന്ദ്യവയോധികനായ ഗ്രോ വാസുവിന്റെ വായ് മൂടിക്കെട്ടുന്ന പോലീസുകാരുടെ ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ കണ്ടു.

94 കാരനായ ഒരു മനുഷ്യാവകാശ പ്രവർത്തകൻ മുദ്രാവാക്യം വിളിക്കുന്നത് തടയാൻ അദ്ദേഹത്തിന്റെ കൈ ബലമായി പിടിച്ചു താഴ്ത്തുകയാണ് അങ്ങയുടെ പോലീസ്. തൊപ്പി കൊണ്ട് ഗ്രോ വാസുവിന്റെ മുഖം മറയ്ക്കുനതും ഇതേ പോലീസാണ്. മനസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്ന കാഴ്ചയാണത്.

എന്താണ് ഗ്രോ വാസു ചെയ്ത തെറ്റ്? തീവ്രവാദിയോ കൊലപാതകിയോ രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടയാളോ അല്ല. മാവോയിസ്റ്റ് വേട്ടയെന്ന പേരിൽ മനുഷ്യരെ തോക്കിൻ മുനയിൽ നിർത്തി വെടിവച്ച് കൊന്നതിനെതിരെ പരസ്യമായി പ്രതികരിച്ചുവെന്നതാണ് ഗ്രോ വാസുവിനെതിരായ കുറ്റം.

51 വെട്ടിന് മനുഷ്യ ജീവനെടുത്തവരും രാഷ്ട്രീയ എതിരാളികളെ അരുംകൊല ചെയ്തവരും ആൾമറാട്ടവും വ്യാജ രേഖാ നിർമാണവും നടത്തുന്ന CPM ബന്ധുക്കളും പോലിസ് കസ്റ്റഡിയിലും ജയിലിലും രാജകീയമായി വാഴുമ്പോഴാണ് ഒരു വന്ദ്യ വയോധികനോട് കേരള പോലീസ് അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറുന്നത്.

നിയമസഭ അടിച്ചു തകർത്ത കേസ് അടക്കം പ്രമാദമായ എത്രയോ കേസുകൾ എഴുതിത്തള്ളാൻ വ്യഗ്രത കാട്ടിയ സർക്കാരാണ് അങ്ങയുടേത്. ഗ്രോ വാസുവിന്റെ പേരിലുള്ള കേസും പിൻവലിച്ചാൽ എന്താണ് കുഴപ്പം?

ഗ്രോ വാസുവിന്റെ പ്രത്യയശാസ്ത്രത്തോട് വിയോജിപ്പുള്ളവരുണ്ടാകാം. എന്നാൽ 94 വയസിലും അദ്ദേഹത്തിന്റെ ഉള്ളിലുള്ള പോരാട്ടവീര്യത്തെ അംഗീകരിച്ചേ മതിയാകൂ. നമ്മളിൽ പലരുടേയും പ്രായത്തേക്കാൾ പൊതുപ്രവർത്തന പരിചയമുള്ളയാളാണ് വാസുവേട്ടൻ. അങ്ങനെയൊരാളിന്റെ വായ മൂടി കെട്ടുന്ന, മുഖം മറയ്ക്കുന്ന, കൈ പിടിച്ച് ഞെരിക്കുന്ന പോലീസ് സേനയെ കുറിച്ച് മുഖ്യമന്ത്രി എന്ന നിലയിൽ അങ്ങേയ്ക്ക് മതിപ്പുണ്ടോ? അപമാനഭാരത്താൽ അങ്ങയുടെ തല താഴ്ന്നു പോകുന്നില്ലേ? ഇതാണ് താങ്കൾ നയിക്കുന്ന ആഭ്യന്തര വകുപ്പിന് കീഴിലെ പോലീസ് എന്നോർത്ത് ലോകം ലജ്ജിച്ച് തലതാഴ്ത്തും.

ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിനു നിയമപരമായ സാഹചര്യം ഉണ്ടാക്കണം. അദ്ദേഹത്തോടുളള പോലീസിന്റെ പെരുമാറ്റത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നും ആവശ്യപ്പെടുന്നു.

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി

അധിക നികുതി ചുമത്തുമെന്ന ട്രംപിന്‍റെ ഭീഷണി; പ്രതികരണവുമായി ചൈന

കോന്നി പാറമടയിൽ അപകടം; 2 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

സുന്നത്ത് കർമത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

ഇടുക്കി ജില്ലയിൽ ജീപ്പ് സഫാരി നിരോധിച്ചു