ഗൗരിലക്ഷ്മി, വേടൻ
മലപ്പുറം: റാപ് ഗായകരായ വേടന്‍റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിലബസിൽ നിന്ന് നീക്കം ചെയ്യില്ലെന്ന് യുജി മലയാളം പഠനബോർഡ് അധ്യക്ഷൻ ഡോ. എം.എസ് അജിത് വ്യക്തമാക്കി. ബിഎ മലയാളം മൂന്നാം സെമസ്റ്ററിലെ പാഠഭാഗമായാണ് ഇരു ഗാനങ്ങളും ചേർത്തിരുന്നത്. വേടന്‍റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ സിലബസിൽ നിന്ന് നീക്കാൻ ആവശ്യപ്പെട്ട് 5 പരാതികളാണ് സർവകലാശാലയ്ക്ക് ലഭിച്ചിരുന്നത്.
തുടർന്ന് ഗവർണറുടെ നിർദേശ പ്രകാരം നടത്തിയ മുൻ മലയാളം വിഭാഗം മേധാവി ഡോ.എം.എം ബഷീർ പഠനം നടത്തി. ഇരു ഗാനങ്ങളും നീക്കം ചെയ്യാമെന്ന് ശുപാർശ ചെയ്തു കൊണ്ടുള്ള റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടാണ് പഠന ബോർഡ് തള്ളിയിരിക്കുന്നത്.
റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്‍റെ ഭൂമി ഞാൻ വാഴുന്നിടം എന്ന പാട്ട് ഒഴിവാക്കാൻ ശുപാർശ ചെയ്തിരുന്നത്. ഗൗരി ലക്ഷ്മി യുടെ അജിതാ ഹരേ എന്ന പാട്ട് കഥകളി സംഗീതവുമായി താതമ്യ പഠനം നടത്താനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ മലയാളം വിദ്യാർഥികൾക്ക് ഇത് കഠിനമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കാൻ ശുപാർശ ചെയ്തത്.