വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്നലെ പൂത്ത തകരയാണ് സതീശൻ എന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. നായർ ഈഴവ ഐക്യം അനിവാര്യമാണെന്നും കൂട്ടായ്മ മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നായാടി മുതൽ നമ്പൂതിരി വരെയുള്ള കൂട്ടായ്മ അനിവാര്യമാണ്. ഹിന്ദുവിഭാഗം ഭിന്നിച്ച് നിൽക്കുന്നത് കാലഘട്ടത്തിന് അനുയോജ്യമല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എൻഎസ്എസുമായി തങ്ങളെ തെറ്റിച്ചത് ലീഗ് നേതൃത്വമാണ്. യോജിക്കാൻ പാടില്ലെന്ന് പറഞ്ഞ് ഞങ്ങളെ അകറ്റിയതും ഈ പണിയെല്ലാം ചെയ്തതും ലീഗാണ്. അവഗണനകൾ മാത്രമാണ് യുഡിഎഫ് ഭരണത്തിൽ നേരിട്ടതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
താൻ മുസ്ലീം വിരോധിയല്ലെന്നും മുസ്‍ലിം സമുദായത്തെ സഹോദരതുല്യം സ്നേഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം പരാമർശം വ്യാഖ്യാനിച്ച് തന്നെ വർഗീയ വാദിയാക്കുകയാണ് ചെയ്തതെന്നും മുസ്ലിം ലീഗിലെ വർഗീയതയാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
"എൽഡിഎഫ് വന്നശേഷം ഇവിടെയൊരു മാറാട് കലാപം ഉണ്ടായിട്ടില്ല. ഇന്നലെ പൂത്ത തകരയാണ് സതീശൻ. സതീശനെ പരസ്യമായി താക്കീത് ചെയ്താണ് കാന്തപുരം സംസാരിച്ചത്. മുതിർന്ന നേതാക്കൾ കോൺഗ്രസിലുണ്ടല്ലോ. എ.കെ. ആന്‍റണിയും രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും ഉണ്ടല്ലോ. വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാണെന്ന് അവർ പറഞ്ഞാൽ ഞാൻ അംഗീകരിക്കാം. സതീശൻ ജനിക്കും മുൻപ് എന്റെ അച്ഛൻ എന്‍റെ സഹോദരിക്ക് ഇംഗ്ലണ്ടിൽ നിന്നാണ് കാർ വാങ്ങിക്കൊടുത്തത്. ഈ പറയുന്ന ആളിന് രാഷ്ട്രീയത്തിൽ വരും മുൻപ് എന്ത് ആസ്ഥിയുണ്ടായിരുന്നു ? ഈഴവർക്ക് എതിരെയാണ് എന്നും സംസാരിക്കുന്നത്. ഈ മാന്യന്‍റെ ഉപ്പാപ്പ വിചാരിച്ചാലും നടക്കില്ല. എസ്എൻഡിപിയെ പിളർത്താൻ ശ്രമിച്ചവരൊക്കെ സ്വയം നശിച്ചിട്ടേയുള്ളൂ."- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.