സനു മോഹൻ, കൊല്ലപ്പെട്ട വൈഗ
സനു മോഹൻ, കൊല്ലപ്പെട്ട വൈഗ 
Kerala

മകളോട് കൊടുംക്രൂരത; വൈഗ കൊലക്കേസിൽ പ്രതി സനു മോഹന് ജീവപര്യന്തം

കൊച്ചി: പത്തു വയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് കോടതി. പ്രതിക്കെതിരേ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമ കേസുകൾ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൊലപാതകകേസിൽ മാത്രമാണ് ജീവപര്യന്തം വിധിച്ചിരിക്കുന്നത്. ഇതിനു പുറമേ വിവിധ വകുപ്പുകളിലായി 28 കൊല്ലമാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്. ഇതു കൂടാതെ 1,70,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, തടഞ്ഞു വയ്ക്കൽ, ലഹരിക്കടിമയാക്കൽ, ബാലനീതി വകുപ്പു പ്രകാരമുള്ള കുറ്റങ്ങൾ എന്നിവയാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. അപൂർവങ്ങളിൽ അപൂർവം കേസായി പരിഗണിക്കണമെന്നാണ് വാദിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അത്തരത്തിൽ പരിഗണിക്കരുതെന്നും പ്രായമായ അമ്മയുണ്ടെന്നും അവരെ ശുശ്രൂഷിക്കുന്നതിനായി ഇളവ് നൽകണമെന്നും സനു മോഹൻ കോടതിയിൽ അറിയിച്ചു. ഈ ആവശ്യം തള്ളിയാണ് കോടതി വിധി പ്രഖ്യാപിച്ചത്.

പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊലപ്പെടുത്തിയതെന്നും ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നും സനു മോഹൻ കുറ്റസമ്മതം നടത്തിയിരുന്നു.

2021 മാർച്ച് 22നാണ് വൈഗയെ സനു മോഹൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മുട്ടാർ പുഴയിൽ ഉപേക്ഷിച്ചത്. ഭാര്യ രമ്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിൽ കൊണ്ടാക്കിയതിനു ശേശം അമ്മാവനെ കാണിക്കാൻ എന്നു പറഞ്ഞാണ് സനു മോഹൻ കുട്ടിയെ കൊണ്ടു വന്നത്. പിന്നീട് എറണാകുളം കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ എത്തിച്ച് മദ്യം നൽകി അബോധാവസ്ഥയിലാക്കി. പിന്നീട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഏറെ രാത്രിയായിട്ടും കുട്ടി തിരിച്ചെത്താഞ്ഞതിനെത്തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പിറ്റേ ദിവസം കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. മകളെ കൊന്ന് പിതാവ് ജീവനൊടുക്കി എന്നായിരുന്നു ആദ്യ നിഗമനം. പിന്നീട് പിതാവ് മകളെ കൊലപ്പെടുത്തി സംസ്ഥാനം വിട്ടതാണെന്ന് കണ്ടെത്തി. വാളയാർ ചെക് പോസ്റ്റിലൂടെ സനു മോഹൻ കടന്നു പോയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഒരു മാസത്തോളം വിവിധയിടങ്ങളിലായി പ്രതി ഒളിവിൽ തുടർന്നു. മൃതദേഹം പുഴയിൽ ഉപേക്ഷിച്ചതിനു ശേഷം ഗോവ, കോയമ്പത്തൂർ, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിലായിരുന്നു ഇയാൾ. ഒടുവിൽ‌ 2021 ഏപ്രിലിൽ കർണാടക പൊലീസിന്‍റെ സഹായത്തോടെ കർണാടകയിൽ നിന്നാണ് പ്രതിയെ പിടി കൂടിയത്.

തനിക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും കുട്ടി ബാധ്യത ആകുമെന്ന് കരുതിയതാണ് കൊല നടത്തിയതെന്നുമാണ് സനു മോഹൻ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. കുട്ടിയുടെ ആഭരണങ്ങളും കാറും പൊലീസ് തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. വസ്ത്രങ്ങളും മറ്റും കർണാടകയിൽ നിന്നും കണ്ടെത്തി.

കേസിൽ 240 പേജുള്ള കുറ്റപത്രമാണ് തൃക്കാക്കര പൊലീസ് കോടതിയിൽ സമർപ്പിച്ചത്. സനു മോഹന്‍റെ ഭാര്യ അടക്കം 300 സാക്ഷികളും ഉണ്ടായിരുന്നു. മഹാരാഷ്ട്ര പൊലീസ് രജിസ്റ്റർ ചെയ്ത് ഏഴു കോടിയുടെ തട്ടിപ്പു കേസിലും സനു മോഹൻ അറസ്റ്റിലായിരുന്നു.

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

കോഴിക്കോട് 13 കാരിയുടെ മരണം; വെസ്റ്റ്നൈലെന്ന് സംശയം

തീവ്രമഴ മുന്നറിയിപ്പ്: 9 ഇടങ്ങളിൽ യെലോ, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ രാഹുലിന് ജർമ്മൻ പൗരത്വമില്ലെന്ന് സ്ഥിരീകരണം; റെഡ് കോർണർ നോട്ടീസ് ഇറക്കുന്നതും പരിഗണനയിൽ

ഹരിയാനയിൽ തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; 8 മരണം