വയനാട്: മാനന്തവാടിയില്‍ പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ, ജീവനെടുത്ത കടുവയെ വെടിവച്ച് കൊല്ലാന്‍ നിർദേശിച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. തുടർന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
കടുവയെ പിടികൂടുന്നതു വരെ സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. വന്യമൃഗങ്ങള്‍ വയനാട് മേഖലയിലേക്ക് കടന്നു വരാവുന്ന സാധ്യത പരിഗണിച്ച് ഈ മേഖലകളില്‍ പട്രോളിങ് ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, പഞ്ചാരക്കൊല്ലിയിലെ കടുവയെ നരഭോജി വീഭാഗത്തിൽ ഉൾപ്പെടുത്തി വെടിവച്ചു കൊല്ലുമെന്ന് മന്ത്രി ഒ.ആർ. കേളുവും അറിയിച്ചു. തൊഴിലാളികൾക്ക് ആർ.ആർ.ടി. സംഘത്തിന്‍റെ സംരക്ഷണം നൽകും. പ്രദേശത്ത് ഫെന്‍സിങ് ഉടന്‍ നടപ്പാക്കും. കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് അടിയന്തരമായി അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും.
മന്ത്രി നൽകിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിൽ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. തുടർന്ന് രാധയുടെ മൃതദേഹം മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയി.
മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ വനംവകുപ്പ് താത്കാലിക വാച്ചറുടെ ഭാര്യ പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് (45) മരിച്ചത്. വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ വച്ചായിരുന്നു ആക്രമണം. വെള്ളിയാഴ്ച ഉച്ചയോടെ, പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ കാട്ടിനുള്ളിലേക്ക് വലിച്ചുകൊണ്ടുപോയ മൃതദേഹം തണ്ടർബോൾട്ട് സംഘമാണ് കണ്ടെത്തിയത്.
പ്രദേശത്ത് ഒന്നിലധികം കടുവകളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ആറാമത്തെ ആളാണ് രാധ. മറ്റ് 5 പേരും കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലാണ്.