മുണ്ടക്കൈ -ചൂരൽമല ദുരന്തം; കാരുണ്യമല്ല തേടുന്നതെന്നും ചിറ്റമ്മ നയം വേണ്ടെന്നു കേന്ദ്രത്തോട് ഹൈക്കോടതി
കൊച്ചി: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര നിലപാടിനു വിമർശനവുമായി കേരള ഹൈക്കോടതി. കേരളത്തെ സഹായിക്കാൻ താത്പര്യമില്ലെങ്കിൽ തുറന്നു പറയണമെന്നും ഹൈക്കോടതി കേന്ദ്രത്തോടു പറഞ്ഞു. കാരുണ്യമല്ല തേടുന്നതെന്നും, ചിറ്റമ്മ നയം വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സ്വമേധയാ സ്വീകരിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
വായ്പകൾ എഴുതിത്തള്ളാൻ വ്യവസ്ഥയില്ല. അതത് ബാങ്കുകളാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടതെന്നും, ഇത് കേന്ദ്രത്തിന്‍റെ അധികാര പരിധിക്കു പുറത്തുള്ള കാര്യമാണെന്നുമാണ് സത്യവാങ്മൂലത്തിൽ കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്.
ഈ വർഷം ജനുവരിയിലാണ് വായ്പകൾ എഴുതിത്തള്ളുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്‍റെ തീരുമാനമറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചത്. വായ്പ എഴുതിത്തള്ളാനാവില്ല, പകരം മൊററ്റോറിയം പ്രഖ്യാപിക്കാമെന്നാണ് തുടക്കം മുതലുള്ള കേന്ദ്ര നിലപാട്. കേന്ദ്ര ദുരന്ത നിവാരണ അഥോറിറ്റിക്ക് ഇതിനുള്ള അധികാരമുണ്ടെന്നും, വായ്പകൾ എഴുതിത്തള്ളുന്ന കാര്യം പരിഗണിക്കണമെന്നുമാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്.
ദുരന്ത ബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ അധികാരം നൽകുന്ന ദുരന്ത നിവാരണ നിയമത്തിലെ 13ാം വകുപ്പ് കേന്ദ്രം അവഗണിക്കുകയാണു ചെയ്തത്. തീരുമാനമെടുക്കേണ്ടത് അഥോറിറ്റിയല്ല സർക്കാരാണെന്ന് കോടതി വ്യക്തമാക്കിയെങ്കിലും, കേന്ദ്രം തങ്ങളുടെ നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ്.