ഭിന്നശേഷിക്കാരിയായ 13 കാരിയെ പീഡിപ്പിച്ചു; യുവാവിന് പതിമൂന്നര വർഷം കഠിന തടവ്
file
തിരുവനന്തപുരം: ഭിന്നശേഷിക്കാരിയും ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തതുമായ പതിമൂന്നുകാരിയെ പീഡിപ്പിച്ച പശ്ചിമ ബംഗാൾ സ്വദേശിയ്ക്ക് കഠിന തടവും പിഴയും. പശ്ചിമ ബംഗാളിലെ മാൾഡയിലെ ചാർ ബാബുപൂർ രാമശങ്കർ ടോല സ്വദേശിയായ ശംഭു മണ്ഡലി(26)നെ പതിമൂന്നര വർഷം കഠിന തടവിനും 30,000 രൂപ പിഴയടയ്ക്കാനുമാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്‌ജി എസ്. രമേഷ് കുമാർ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ 12 മാസം അധിക തടവ് കൂടി അനുഭവിക്കണമെന്നാണ് വിധിയിൽ പറയുന്നത്. പിഴ തുക അപര്യാപ്തമായതിനാൽ കുട്ടിയ്ക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയ്ക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
2023 നവംബർ 15 നാണ് സംഭവം. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയം കുട്ടി അമ്മൂമ്മയോടൊപ്പം സിറ്റൗട്ടിൽ ഇരിക്കുമ്പോൾ പ്രതി വന്ന് അമ്മൂമ്മയോട് സംസാരിക്കുകയും തുടർന്ന് അമ്മൂമ്മ പുറത്തു പോയപ്പോൾ വീടിന് പിന്നിലൂടെ അകത്ത് കടന്ന പ്രതി കുട്ടിയെ മുറിയ്ക്കുള്ളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.
കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മൂമ്മ എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദാണ് കോടതിയിൽ ഹാജരായത്.