അസ്‌ല
വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ മൂന്നു വയസുകാരിക്കും മുത്തശ്ശിക്കും ദാരുണാന്ത്യം. വാൽപ്പാറ സ്വദേശിയായ അസ്‌ല (55) മൂന്നു വയസുകാരി ഹേമശ്രീ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിക്കാണ് കാട്ടാന ആക്രമണമുണ്ടായത്. കോയമ്പത്തൂരിലെ വാട്ടർഫാൾ എസ്റ്റേറ്റിൽ കാടർപ്പാറയ്ക്ക് സമീപമാണ് സംഭവം നടന്നത്.
മുറിയുടെ ജനൽ തകർക്കുന്നതിന്‍റെ ശബ്ദം കേട്ടാണ് മുത്തശി ഉണർന്നത്. തുടർന്ന് കുഞ്ഞിനെയും എടുത്ത് രക്ഷപെടാൻ വാതിൽ തുറന്നതോടെ ഇരുവരും ആനയുടെ മുൻപിൽ അകപ്പെടുകയായിരുന്നു. ഇവരെ കാട്ടാന ആക്രമിക്കാൻ ശ്രമിച്ചതോടെ ഇരുവരും നിലത്തു വീഴുകയായിരുന്നു. കുഞ്ഞിനെ ആന ചവിട്ടി തെറിപ്പിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് വച്ചു തന്നെ കുഞ്ഞ് മരിച്ചിരുന്നു. പരുക്കേറ്റ മുത്തശ്ശിയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് മരിച്ചത്. രണ്ടു കുട്ടികൾ അടങ്ങുന്ന അഞ്ചു പേരാണ് കുടുംബത്തിൽ ഉണ്ടായിരുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. വിവരം അറിഞ്ഞെത്തിയ വനം വകുപ്പാണ് വീട്ടിലുളളവരെ സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത്.