കോതമംഗലത്തിന് നൂറുദിന കർമ്മപരിപാടി; വികസന പദ്ധതികൾ പ്രഖ്യാപിച്ച് എംഎൽഎ
കോതമംഗലം: കോതമംഗലം നിയമസഭാ മണ്ഡലത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഓഗസ്റ്റ് 1 മുതൽ നൂറുദിന കർമ്മപരിപാടി നടപ്പാക്കുമെന്ന് എംഎൽഎ ഷിബു തെക്കുംപുറം പറഞ്ഞു. 30 വികസന പദ്ധതികൾ ഉൾക്കൊള്ളുന്ന കർമ്മപരിപാടിയുടെ വിശദാംശങ്ങൾ കോതമംഗലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം അവതരിപ്പിച്ചു.
ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വികസന പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഓരോ ദിവസം വീതം ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും സംസ്ഥാന ബജറ്റിലും ഉൾപ്പെട്ട പ്രധാന പദ്ധതികളാണ് നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകിക്കൊണ്ട് ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന തങ്കളം–കോഴിപ്പിള്ളി ബൈപ്പാസ്, ചേലാട് സ്റ്റേഡിയം, കുടമുണ്ട പാലം, ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതി, ടൗൺ ഹാൾ എന്നിവയുടെ നടപടികൾ വേഗത്തിലാക്കും.
ടൂറിസം മേഖലയിലും പ്രത്യേക ശ്രദ്ധ നൽകും. കോതമംഗലം ടൂറിസം സർക്യൂട്ട്, മൺസൂൺ ഫെസ്റ്റിവൽ, ഭൂതത്താൻകെട്ട് ഓണം ഫെസ്റ്റിവൽ, ഉദ്യാന നവീകരണം, ഇഞ്ചത്തൊട്ടി ഡെസ്റ്റിനേഷൻ വികസനം എന്നിവ നടപ്പാക്കും. ഇൻഫോപാർക്ക് സബ് സെന്‍റർ, ഹൈടെക് അഗ്രികൾച്ചർ സെന്‍റർ, സ്കിൽ പാർക്ക് എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്കും തുടക്കമിടും.
വന്യജീവി ആക്രമണം തടയുന്നതിനുള്ള സമഗ്ര പാക്കേജ് തയ്യാറാക്കുകയും പുതിയ ആശയങ്ങൾ കണ്ടെത്തുന്നതിനായി ഹാക്കത്തോൺ സംഘടിപ്പിക്കുകയും ചെയ്യും. എല്ലാവർക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യത്തോടെ എംഎൽഎയുടെ ഭവന നിർമ്മാണ പദ്ധതിക്ക് തുടക്കമിടും.
കോതമംഗലത്തെ ബ്ലൂ സോണായി വികസിപ്പിക്കുന്നതിനുള്ള വിശദമായ രൂപരേഖയും തയ്യാറാക്കും.
നെല്ലിക്കുഴി ഫർണിച്ചറിന് അന്താരാഷ്ട്ര ഭൂസൂചിക (ജി.ഐ.) പദവി നേടുന്നതിനുള്ള നടപടികൾ ആരംഭിക്കും.
ബജറ്റിൽ പ്രഖ്യാപിച്ച ഫർണിച്ചർ ഹബിന്‍റെ കേന്ദ്രമായി നെല്ലിക്കുഴിയെ മാറ്റുകയാണ് ലക്ഷ്യം. തങ്കളം–കാക്കനാട് പാതയുടെ അലൈൻമെന്‍റ് അന്തിമമാക്കുന്നതിനും നടപടി സ്വീകരിക്കും.
ചാത്തമറ്റം–ഊരംകുഴി, നെല്ലിമറ്റം–ഉപ്പുകുളം, ചേലാട്–ചെമ്മീൻകുത്ത്, തലക്കോട്–മുള്ളരിങ്ങാട് എന്നീ റോഡുകൾ ബി.എം.& ബി.സി. നിലവാരത്തിൽ നവീകരിക്കും. ബ്ലാവന, മണികണ്ഠൻചാൽ പാലങ്ങളുടെ ഡി.പി.ആർ. തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. അടിവാട് പാലം നിർമാണത്തിനും തുടക്കമാകും.
'ഡിസീസ് ഫ്രീ കോതമംഗലം' പദ്ധതിയിലൂടെ ആരോഗ്യരംഗത്ത് പുതിയ ഇടപെടലുകൾ നടപ്പാക്കും. കായികരംഗത്ത് മികവിന്‍റെ കേന്ദ്രമാക്കാൻ 'സെന്‍റേഴ്സ് ഓഫ് സ്പോർട്സ് എക്സലൻസ് ക്ലസ്റ്റർ' ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.
പദ്ധതികളുടെ ഏകോപനത്തിനായി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വികസനാസൂത്രണ വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. പദ്ധതികളുടെ പുരോഗതി പൊതുജനങ്ങൾക്ക് വെബ്സൈറ്റിലൂടെ അറിയാനുള്ള സംവിധാനവും ഒരുക്കും.
തുടർന്ന് ചേർന്ന യുഡിഎഫ് യോഗത്തിൽ എംഎൽഎ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ ഷമീർ പനക്കൻ, ബാബു ഏലിയാസ്, ബോബൻ ജേക്കബ്, കെ.പി. ബാബു, എ.ടി. പൗലോസ്, ഇബ്രാഹിം കവലയിൽ, മാത്യു ജോസഫ്, ജോമി തെക്കേക്കര, ഇ.എം. മൈക്കിൾ, എം.എസ് എൽദോസ്, അബു മൊയ്തീൻ, ബാബു പോൾ, റോയ് കുര്യാക്കോസ്, പി.എം. സക്കറിയ, സി.കെ. സത്യൻ, എ.സി. രാജശേഖരൻ, മുഹമ്മദ് ഇക്ബാൽ എന്നിവർ പങ്കെടുത്തു.