കൊച്ചി: ദേശീയപാത 544ന്‍റെ തൃശൂർ - ഇടപ്പള്ളി സെക്ഷനിലൂടെ കടന്നുപോകുന്ന യാത്രക്കാർക്കായി പുതിയ ബൈപാസ് വരുന്നു. അങ്കമാലിക്കു സമീപം കരയാംപറമ്പ് സിഗ്നൽ ജംക്ഷനെയും അങ്കമാലി റെയിൽവേ സ്റ്റേഷൻ ജംക്ഷനെയും ബന്ധിപ്പിച്ചുള്ള നിർദിഷ്ട ബൈപാസ്, കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് ഉൾപ്പെടെ സഹായകമാകും.
കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോർപറേഷൻ (ആർബിഡിസികെ) ആണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് ആവശ്യമായ 275 കോടി രൂപ കിഫ്ബി ആണ് അനുവദിക്കുക.
ദേശീയപാതാ അഥോറിറ്റിക്കു കീഴിലുള്ള അങ്കമാലി - മരട് ബൈപാസ് പദ്ധതിയുടെ അലൈൻമെന്‍റ് സംബന്ധിച്ച് കാലതാമസം നേരിടുന്നതിനിടെയാണ് പുതിയ ബൈപാസ് പദ്ധതി കടമ്പകൾ കടന്ന് നിർമാണത്തിലേക്ക് അടുക്കുന്നത്. കരയാംപറമ്പ് സിഗ്നൽ ജംക്ഷനിൽനിന്ന് അങ്കമാലി റെയിൽവേ സ്റ്റേഷൻ ജംക്ഷനിലേക്ക് നാല് കിലോമീറ്റർ നീളുന്നതാണ് നിർദിഷ്ട നാലുവരിപ്പാത. പടിഞ്ഞാറ് ഭാഗത്ത് റെയിൽപാതയ്ക്ക് സമാന്തരമായാണ് പാത നിർമിക്കുക.
സ്ഥലം ഏറ്റെടുപ്പ് നടപടികൾ അവസാന ഘട്ടത്തിൽ എത്തിയെന്നും അന്തിമ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നും ആർബിഡിസികെ അധികൃതർ അറിയിച്ചു.
കരയാംപറമ്പിൽനിന്ന് കുണ്ടന്നൂരിലേക്ക് 44.7 കിലോമീറ്റർ നീളുന്നതാണ് നിർദിഷ്ട അങ്കമാലി - മരട് ബൈപാസ്. ഇതിനുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തായാക്കിയാൽ കാലതാമസം കൂടാതെ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. 600 കോടി രൂപ ചെലവഴിച്ചാണ് ഈ പദ്ധതിയുടെ പൂർത്തിയാക്കുക. ഈ വർഷം തന്നെ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാനാണ് അധികൃതരുടെ നീക്കം.