റോബോട്ടുകളെ കാണാം, അമ്യൂസ്മെന്‍റ് പാർക്കിൽ കയറാം; അറിവും ആനന്ദവും പകർന്ന് അങ്കമാലി ഫെസ്റ്റ്
അങ്കമാലി: അങ്കമാലി നഗരസഭ വിവിധ ഉത്സവങ്ങൾ കോർത്തിണക്കിക്കൊണ്ട് ഒരുക്കിയ അങ്കമാലി ഫെസ്റ്റ് ശ്രദ്ധേയമാകുന്നു. സംസ്ഥാന യുവജന ബോർഡിന്‍റെ നേതത്വത്തിലുള്ള കേരളോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന വിവിധ ആഘോഷങ്ങളുടെ തുടർച്ചയാണ് അങ്കമാലി ഫെസ്റ്റ്. അങ്കമാലി കിങ്ങിണി ഗ്രൗണ്ടിൽ നവംബർ 16 വരെ 27 ദിവസങ്ങളിലാണ് ഫെസ്റ്റ്.
നഗരസഭയുടെ വിവിധ ആഘോഷങ്ങളായ കേരളോത്സവം, വയോജനോത്സവം, മെഡിക്കൽ ക്യാമ്പ്, ഭിന്നശേഷി കലോത്സവം, അങ്കണവാടി കലോത്സവം, കുടുംബശ്രീ സംഗമം, വിവിധ കലാപരിപാടികൾ, അമ്യൂസ്മെന്‍റ്പാർക്ക്, മനുഷ്യ റോബോട്ടുകൾ, സൂപ്പർ റിയാലിറ്റി, ഡൂം തിയേറ്റർ, സ്റ്റാളുകൾ, പെറ്റ് ഷോ തുടങ്ങിയവയെ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഫെസ്റ്റ് നടക്കുന്നത്. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
അമ്യൂസ്മെന്‍റ് പാർക്ക്: 360-ഡിഗ്രി സൂപ്പർ ഇമ്മേഴ്‌സീവ് ഡോം തിയേറ്ററാണ് മേളയിലെ പ്രധാന ആകർഷണം. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും സംവേദനാത്മക ഘടകങ്ങളും ഉള്ള ഒരു അതുല്യമായ സിനിമാറ്റിക് അനുഭവം പ്രദാനം ചെയ്യുന്ന കലാസൃഷ്ടിയാണ് സൂപ്പർ ഇമ്മേഴ്‌സീവ് ഡോം തിയേറ്റർ. ഡ്രാഗൺ ട്രെയ്ൻ, മരണക്കിണർ, ജയന്‍റ് വീൽ, കൊളംബസ് റൈഡ് , കുട്ടികൾക്കുള്ള വിവിധതരം റൈഡുകൾ ഇവിടെയുണ്ട്.
ഹ്യൂമനോയിഡ് റോബോട്ടുകളെയും മേളയിൽ കാണാം. മനുഷ്യസമാനമായ ചലനങ്ങളെയും ഇടപെടലുകളെയും അനുകരിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടുകളും ഡോഗ് റോബോട്ടുകളും അറിവും ആനന്ദവും പകർന്നുനൽകുന്ന ഒന്നാണ്.
അങ്കമാലിയുടെ തനത് പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടെ വിത്യസ്തങ്ങളായ രുചി അനുഭവം നൽകുന്ന ആസ്വാദ്യകരമായ ഭക്ഷണവുമായി നിരവധി ഫുഡ് കൗണ്ടറുകളും മേളയിലുണ്ട്.
വാണിജ്യസ്റ്റാളുകൾ: വാണിജ്യസ്റ്റാളുകളുടെ വലിയ നിര തന്നെ ഫെസ്റ്റിലുണ്ട്. വെറും 10 രൂപ മുതൽ ലഭിക്കുന്ന നിത്യോപയോഗസാധനങ്ങൾ മുതൽ വിവിധതരം ഫർണിച്ചറുകൾ, ഫാൻസി ഐറ്റംസ്, കോഴിക്കോടൻ ഹൽവ, ശുദ്ധമായ തേൻ, നൂറുകണക്കിന് വിവിധതരം പുസ്തകങ്ങൾ.. 150 ൽ പരം അച്ചാറുകൾ തുടങ്ങി ആകർഷകവും നിത്യജീവിതത്തിന് ആവശ്യവുമായ നിരവധി വസ്തുക്കളുടെ അൻപതിലധികം സ്റ്റാളുകളാണുള്ളത്.
പെറ്റ് ഷോ: റെഡ് കോനൂർ, മക്കാവോ, ആഫ്രിക്കൻ ബേർഡ്സ് തുടങ്ങി വിവിധ തരം പെറ്റ് പക്ഷികളോടൊപ്പം മനുഷ്യനോടിണങ്ങിയ പൈതൺ പാമ്പും മേളയെ ശ്രദ്ധേയമാക്കുന്നു.
ഇവ കൂടാതെദിവസവും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.