ഏലൂർ: അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറെ റിട്ടയേഡ് സബ് ഇൻസ്പെക്ടർ കുത്തിപ്പരുക്കേൽപ്പിച്ചു. മഞ്ഞുമ്മൽ അച്ചാരുപറമ്പിൽ പോൾ (62) ആണ് ഏലൂർ പൊലീസ് സ്റ്റേഷൻ എഎസ്ഐ സുനിൽകുമാറിനെ കുത്തിപ്പരുക്കേൽപ്പിച്ചത്.
പൊലീസ് പറയുന്നത് ഇങ്ങനെ. പോൾ മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുന്നുവെന്നും വീട്ടുകാരെ ആക്രമിക്കുന്നുവെന്നും ഏലൂർ പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു. ഇതെത്തുടർന്ന് സ്റ്റേഷനിൽ നിന്ന് സബ് ഇൻസ്പെക്ടറും എഎസ്ഐയും ഒരു സിവിൽ പൊലീസ് ഓഫീസറും പോളിന്‍റെ വീട്ടിലെത്തി.
പൊലീസ് വാതിലിൽ മുട്ടി വിളിച്ചപ്പോൾ കത്തിയുമായിചാടിയിറങ്ങിയ പോൾ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കത്തി വീശുകയായിരുന്നു. ആക്രമണം തടുത്ത സുനിൽകുമാറിന്‍റെ ഇടതു കൈത്തണ്ടയുടെ ഞരമ്പ് കുത്തേറ്റ് മുറിഞ്ഞു. ഇദ്ദേഹം മഞ്ഞുമ്മൽ സെന്‍റ് ജോസഫ്സ് ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് കൂടുതൽ പൊലീസ് എത്തി പോളിനെ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.