കുട്ടമ്പുഴ ആറിനു സാമാന്തരമായി നൽകിയിരിക്കുന്ന ഇക്കോ സെൻസിറ്റീവ് സോൺ വ്യക്തമാക്കികൊണ്ടുള്ള മാപ്പ്. 
Local

അതിർത്തി പുനർനിർണയം: ആശങ്ക ഒഴിയാതെ തട്ടേക്കാട്

സ്ഥല പരിശോധനയ്ക്കായി കേന്ദ്രവന്യജീവി ബോർഡ് അംഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം തട്ടേക്കാട് സന്ദർശിച്ചപ്പോൾ പൊതുജനാഭിപ്രായം കേൾക്കാൻ അവസരം നൽകാതിരുന്നത് പക്ഷപാതപരമെന്ന് ആക്ഷേപം

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന്‍റെ അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് സ്ഥല പരിശോധനയ്ക്കായി കേന്ദ്രവന്യജീവി ബോർഡ് അംഗം ഡോ. ആർ. സുകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കഴിഞ്ഞ ദിവസം തട്ടേക്കാട് സന്ദർശിച്ചപ്പോൾ പൊതുജനാഭിപ്രായം കേൾക്കാൻ അവസരം നൽകാതിരുന്നത് പക്ഷപാതപരമെന്ന് ആക്ഷേപം. അടുത്ത കേന്ദ്ര വന്യജീവി ബോർഡിന്‍റെ മീറ്റിങ്ങിൽ പ്രതിനിധിസംഘത്തിന്‍റെ റിപ്പോർട്ട് പരിഗണനയ്ക്ക് വരുന്ന സാഹചര്യത്തിലാണ് പ്രദേശവാസികൾ കബളിപ്പിക്കപ്പെട്ടിട്ടുണ്ടന്ന് സംശയം ഉയരുന്നത്.

2023 ജനുവരി 19നു കൂടിയ സംസ്ഥാന വന്യജീവി ബോർഡാണ് സങ്കേതത്തിനുള്ളിലെ ഒമ്പത് ചതുരശ്ര കിലോമീറ്റർ ജനവാസ മേഖലയും, ഏതാണ്ട് പന്തീരായിരത്തോളം വരുന്ന ജനങ്ങളും ഉൾപ്പെടുന്ന പ്രദേശങ്ങൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാരിനു ശുപാർശ നൽകിയത്. ശുപാർശ പരിഗണനയിലിരിക്കെ 2023 ഒക്റ്റോബർ 11, 13 തീയതികളിൽ കേരളത്തിലെ ശെന്തുരുണി, കൊട്ടിയൂർ, ഇടുക്കി, വയനാട്, പീച്ചി - വാഴാനി, ചിമ്മിനി, മലബാർ വന്യജീവി സങ്കേതം, മംഗളവനം, സൈലന്‍റ് വാലി, പറമ്പിക്കുളം കടുവാ സങ്കേതം എന്നീ വന്യജീവി സങ്കേതങ്ങൾ കൂടാതെ തട്ടേക്കാടിന്‍റെ ഉൾപ്പെടെ പതിനൊന്ന് സങ്കേതങ്ങളുടെ എക്കോ സെൻസിറ്റീവ് സോൺ - ഇഎസ്ഇസഡ് (ബഫർ സോൺ) സംബന്ധിച്ച വജ്ഞാപനമിറക്കാൻ കേന്ദ്രത്തിന് ശുപാർശ നൽകിയത്. തട്ടേക്കാടിന്‍റെ കാര്യത്തിൽ 1983 ൽ നിശ്ചയിച്ച വടക്കേ അതിർത്തിയായ കുട്ടമ്പുഴ ആറിന് സമാനമായി ഒരു കിലോമീറ്റർ ആണ് ബഫർ സോൺ നിശ്ചയിച്ചിരിക്കുന്നത്.

തട്ടേക്കാട് മുതൽ കുട്ടമ്പുഴ വരെയുള്ള പ്രദേശങ്ങൾ കേന്ദ്ര സംഘത്തിന്‍റെ ശുപാർശപ്രകാരം സങ്കേത അതിർത്തിയിൽ നിന്ന് ഒഴിവാക്കിയാൽ പോലും ബഫർ സോൺ പരിധിയിൽ വരും. ഫലത്തിൽ ഇപ്പോൾ എടുത്തിരിക്കുന്ന നടപടിക്രമങ്ങൾ ഫലമില്ലാത്തതായി മാറും. സംസ്ഥാന വന്യജീവി ബോർഡ് അതിർത്തി പുനർനിർണയിക്കാൻ തീരുമാനമെടുത്തിട്ട് അതിൻമേലുള്ള നടപടിക്രമങ്ങൾ പുരോഗമിക്കവേ ഒക്റ്റോബറിൽ തന്നെ സംസ്ഥാന സർക്കാർ അതിർത്തിക്ക് പുറത്തേക്കുള്ള ബഫർ സോൺ വിജ്ഞാപനത്തിനുള്ള ശുപാർശ അയച്ചത് എന്തിന് എന്നതാണ് നാട്ടുകാരുടെ ചോദ്യം.

ഇക്കാര്യത്തിൽ വ്യക്തതയില്ലാത്തവർ കേന്ദ്ര സംഘത്തിന്‍റെ സന്ദർശനം നിയന്ത്രിച്ചതും പബ്ലിക് ഹിയറിങ്ങിനായി കാത്തു നിന്നവരെ കാണാൻ അനുവദിക്കാതെ മടക്കിഅയച്ചതും സംശയാസ്പ‌ദമാണെന്നും ഇവർ പറയുന്നു.

42 വർഷക്കാലം നീതി നിഷേധിക്കപ്പെട്ട് സങ്കേതത്തിനുള്ളിൽ കഴിഞ്ഞ സമൂഹത്തിനു വേണ്ടി നടത്തിയ പോരാട്ടം പാഴാക്കില്ലന്നും, സർക്കാർ കേന്ദ്രത്തിലേക്കയച്ചിരിക്കുന്ന ബഫർ സോൺ വിജ്ഞാപനം പിൻവലിക്കാൻ തയാറായില്ലെങ്കിൽ അതിർത്തി പുനർനിർണയത്തിൽ എന്നതു പോലെതന്നെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഫാം ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസ് പറഞ്ഞു.

അയ്യപ്പ സംഗമം: ഭക്തരെ ക്ഷണിക്കുന്ന സന്ദേശത്തിൽ ദുരൂഹത

ബദൽ വിപണി തേടി ഇന്ത്യ; യൂറോപ്യൻ യൂണിയനുമായി ചർച്ച

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിർണായക രേഖ

യുകെയിലും മുല്ലപ്പെരിയാർ മറക്കാതെ എം.കെ. സ്റ്റാലിൻ

ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്