നല്ലതണ്ണി പുഴ കടക്കാൻ കള്ളക്കുടി നിവാസികൾ നിർമിച്ച ഈറ്റപ്പാലം.
MV
അടിമാലി: ജീവൻ കൈയിൽ പിടിച്ചാണ് കളളക്കുടിക്കാർ ഈറ്റപ്പാലത്തിലൂടെ നല്ലതണ്ണി പുഴ കടക്കുന്നത്. പുതിയ അധ്യയന വർഷം തുടങ്ങിയതോടെ ഇവിടത്തെ കുട്ടികൾക്ക് ചിക്കണംകുടി ഗവ. എൽപി സ്കൂളിലേക്ക് എത്താനുള്ള ഏക മാർഗമാണ് ഈ ഈറ്റപ്പാലം.
കുടിയിലേക്കുള്ള ഏക വഴിയായിരുന്ന പാലം 2018ലെ പ്രളയത്തിൽ തകർന്നതോടെ ഈ പ്രദേശം ഒറ്റപ്പെട്ടു. സുരക്ഷിത യാത്രക്ക് ഒരു പാലം എന്നതാണ് കഴിഞ്ഞ 6 വർഷത്തെ ഇവരുടെ സ്വപ്നം. കാലവർഷക്കാലത്ത് മറുകരയിലേക്ക് കടക്കാൻ വേറെ മാർഗം ഇല്ലാതെ വന്നതോടെയാണ് കുടിയിലുള്ളവർ ചേർന്ന് ഈറ്റപ്പാലം നിർമിച്ചത്.
ഇരുകരകളിലെയും മരത്തിൽ വലിഞ്ഞു കെട്ടിയിരിക്കുന്ന കമ്പി വള്ളിയുടെ ബലത്തിൽ മാത്രം നിൽക്കുന്ന ഈ പാലം ശക്തമായ കാറ്റോ മഴയോ വന്നാൽ അപകടത്തിൽ പെടാനുള്ള സാധ്യതയും കൂടുതലാണ്.
ഈ ദുരിതയാത്രകൾക്ക് അറുതി വരുത്താൻ പാലം നിർമാണത്തിനായി ഇടുക്കി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു.
എന്നാൽ, സംസ്ഥാന സർക്കാരിന്‍റെ റീ-ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ പാലം ഉടൻ നിർമിക്കുമെന്ന കാരണം പറഞ്ഞ്, അനുവദിച്ച തുക ചെലവഴിക്കാൻ നിർവഹണ ഏജൻസിയായ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വിസമ്മതിച്ചു. നാളിതുവരെ യാതൊരു തീരുമാനവും ഉണ്ടാകാത്തതിനെ തുടർന്ന് ശക്തമായ പ്രതിക്ഷേധത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.