ഗുരു പൂർണിമ ദിനത്തിൽ സംഘവഴക്ക നക്ഷത്രവനം പദ്ധതി തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂർ ജയനാരായണൻ നമ്പൂതിരി സി.എം.എസ്. ചന്തേരയുടെ ജന്മനക്ഷത്ര വൃക്ഷമായ അത്തി നട്ടുകൊണ്ട് കാസർഗോഡ് ചന്തേര മാടമ്പിലകമ്പടി ആരൂഢ തെയ്യസ്ഥാന തറവാട്ടിൽ നിർവ ഹിച്ചപ്പോൾ.
തൃക്കരിപ്പൂർ (കാസർഗോഡ്): കാവ് സംസ്കാര സംരക്ഷണത്തിനും കലാനുഷ്ഠാനഗവേഷണ പഠനങ്ങൾക്കും ജീവിതം സമർപ്പിച്ച, ഫോക്‌ലോർ പഠനങ്ങൾക്ക് തുടക്കം കുറിച്ച, ആദ്യകാല ഗവേഷകനായിരുന്ന സി.എം.എസ്. ചന്തേരയുടെ സ്മരണയ്ക്കായി നക്ഷത്രവനം ഒരുക്കുന്നു. ചന്തേര മാഷിന്‍റെ ജന്മശതാബ്ദി
ദശകത്തിന്‍റെ ഭാഗമായി ജന്മഗൃഹമായ മാടമ്പിലകമ്പടി ആരൂഢ തെയ്യസ്ഥാനമായ കാസർഗോട്ടെ ചന്തേര മടിയൻ തറവാട്ടിൽ സംഘവഴക്ക ഗവേഷണ പീഠത്തിന്‍റെ ആഭിമുഖ്യത്തിലാണ് നക്ഷത്രവനമൊരുക്കുന്നത്.
അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങൾക്ക് കല്പിക്കപ്പെട്ട 27 വൃക്ഷങ്ങൾ നട്ടുകൊണ്ടാണ് ഗുരുപൂർണിമദിനത്തിൽ ചന്തേര ഗുരുനാഥന് സംഘവഴക്കഗവേഷണ പീഠം ഗുരുദക്ഷിണയായി നക്ഷത്രവനം സമർപ്പിക്കുന്നത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം തന്ത്രിയും കേരള തന്ത്രി സമാജം സെക്രട്ടറിയുമായ ഇടവലത്ത് പുടയൂർ ജയനാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് സംഘവഴക്കനക്ഷത്രവനം പദ്ധതി ഉദ്ഘാടനം ചെയ്തത്. ചന്തേര തറവാട് തെയ്യസ്ഥാനജന്മാരികളായ തെക്കുംകര ബാബു കർണമൂർത്തി, കണ്ണൻ പണിക്കർ, അന്തിത്തിരിയൻ അമ്പൂഞ്ഞി എന്നിവർ സഹകാർമികരായി.
ആദ്യത്തെ പച്ചമലയാള മഹാകാവ്യമായ ചെറുശ്ശേരിയുടെ കൃഷ്ണഗാഥ പാരായണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കോഴിക്കോട് സർവകലാശാല മുൻ ഡെപ്യൂട്ടി രജിസ്ടാർ അഡ്വ.രവി കണ്ണോത്ത് അധ്യക്ഷത വഹിച്ചു. വനം വകുപ്പ് മുൻ കൺസർവേറ്റർ ഒതയോത്ത് ജയരാജ് ഐഎഫ്.ആർ.എസ്. മുഖ്യാതിഥിയായി. പിലിക്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.വി. ചന്ദ്രമതി, ഡോ. ചന്ദ്രൻ മുട്ടത്ത്, ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് രാജേഷ് പാലങ്ങാട്ട്, പാലക്കാട് മൃഗസംരക്ഷണ വകുപ്പ് സീനിയർ ഓഫീസർ രതീശൻ അരിമ്മൽ, ഡോ. സോമരാജ രാഘവാചാര്യ, സംഘവഴക്ക ഗവേഷണ പീഠം ഡയറക്റ്റർ ഡോ. സഞ്ജീവൻ അഴീക്കോട്, സി.എം. രാജലക്ഷ്മി, ഗ്രാമീൺ ബാങ്ക് മുൻ മാനേജർ സി.എം. രാമചന്ദ്രൻ നായർ, ന്യൂഡൽഹി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഫിനാൻഷ്യൽ അക്കൗണ്ടന്‍റ് സി.എം. ഗംഗാധരൻ നായർ, കൃഷ്ണപ്പാട്ടു വഴക്കം കൺവീനർ
രാജേശ്വരി ചന്ദ്രൻ മൊളോളം, നാടക കലാകാരൻ എൻ. ഗോപാലൻ മാണിയാട്ട്, സീനിയർ സിറ്റിസൺ ഫോറം സെക്രട്ടറി കെ.ടി. ശിവദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.