ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിനു മുൻപുള്ള ചെക്പോസ്റ്റ് ഭാഗത്ത് കഴിഞ്ഞദിവസം വിനോദസഞ്ചാരികൾ ആനയ്ക്കു മുൻപിൽപെട്ടപ്പോൾ. ആനയെ ദൂരെ കണ്ട് ഫോട്ടോ എടുത്തുകൊണ്ടിരുന്ന ഒരു വിനോദസഞ്ചാരിക്കു മുൻപിലൂടെയാണ് ശരവേഗത്തിൽ ആന റോഡ് മുറിച്ചുകടന്നത്. അതിലൂടെ കടന്നുവന്ന ഒരു ബൈക്ക് യാത്രികനും ആനയ്ക്കു മുൻപിൽപെട്ടു. ഫോട്ടോകടപ്പാട്: നെൽസൺ, സെൻ സ്റ്റുഡിയോ, കോക്കുന്ന്. 
Local

കാലടി ജനവാസ മേഖലകളിൽ കാട്ടാനക്കൂട്ടത്തിന്‍റെ സ്വൈരവിഹാരം: നാട്ടുകാരും പ്ലാന്‍റേഷൻ തൊഴിലാളികളും ഭീതിയിൽ

ആനയുടെ ആക്രമണത്തിൽ നിന്ന് പ്ലാന്‍റേഷൻ തൊഴിലാളികൾ പലപ്പോഴും കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. പടക്കം പൊട്ടിച്ചാണ് റബർ തോട്ടത്തിലെ തൊഴിലാളികൾ ആനകളെ തുരത്തുന്നത്

MV Desk

അങ്കമാലി : ജനവാസ മേഖലകളിൽ കാട്ടാനക്കൂട്ടം സ്വൈരവിഹാരം നടത്തുന്നത് നാട്ടുകാരെയും പ്ലാന്‍റേഷൻ തൊഴിലാളികളെയും ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി നിരവധി കാട്ടാനക്കൂട്ടങ്ങളാണ് അയ്യംമ്പുഴ പഞ്ചായത്തിന്‍റെ ഒന്ന്, രണ്ട് , മൂന്ന് വാർഡുകളിൽ കൂട്ടമായെത്തുന്നത്. കാട്ടാനകൾ തോട്ടങ്ങളിലേക്കു വരുന്നതും തിരിച്ചു പോകുന്നതും റോഡ് കുറുകെ കടന്നിട്ടാണ്. അതിനാൽ റോഡിലൂടെ സഞ്ചരിക്കുന്നവർക്കു മുൻപിലേയ്ക്ക് അപ്രതീക്ഷിതമായും ആനകൾ എത്തിപ്പെടാറുണ്ട്. നിരവധി ടൂറിസ്റ്റുകൾ ദിനംപ്രതി എത്തുന്ന ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിനു മുൻപുള്ള ചെക്പോസ്റ്റ് ഭാഗത്ത് കഴിഞ്ഞദിവസം വിനോദസഞ്ചാരികൾ ആനയ്ക്കു മുൻപിൽ പെട്ടിരുന്നു.

ആനയെ ദൂരെ കണ്ട് ഫോട്ടോ എടുത്തുകൊണ്ടിരുന്ന ഒരു വിനോദസഞ്ചാരിക്കു മുൻപിലൂടെയാണ് ശരവേഗത്തിൽ ആന റോഡ് മുറിച്ചുകടന്നത്. അതിലൂടെ കടന്നുവന്ന ഒരു ബൈക്ക് യാത്രികനും ആനയ്ക്കു മുൻപിൽപെട്ടു. എണ്ണപ്പന തോട്ടങ്ങളിൽ സ്ഥിരമായി ഒറ്റയാനെയും കാണുന്നുണ്ട്. പ്ലാന്‍റേഷൻ കോർപറേഷൻ ഭാഗത്ത് രാത്രിയും പകലുമെന്നും ഇല്ലാതെയാണു കാട്ടാനക്കൂട്ടം ഇറങ്ങി നടക്കുന്നത്. എണ്ണപ്പന തോട്ടങ്ങളിലാണ് കൂടുതലായും കാട്ടാനകൾ കാണപ്പെടുന്നത്. തൊഴിലാളികളുടെ ക്വാർട്ടേഴ്സിന്‍റെ സമീപത്തും കാട്ടാനകൾ കൂട്ടമായി എത്തുന്നു. കാട്ടാനകൾ ക്വാർട്ടേഴ്സുകൾക്കു കേടുപാടുകളും വരുത്തുന്നുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ അതിരപ്പിളളി വനം വാച്ചർ കൊല്ലപ്പെട്ടിട്ട് അധികനാളായില്ല എന്നതും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു

കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെ പ്ലാന്‍റേഷൻ സ്കൂളിനു സമീപമുള്ള റോഡിൽ കാട്ടാനക്കൂട്ടമിറങ്ങിയതിനാൽ മണിക്കൂറുകളോളം സ്കൂൾ കുട്ടികളും ജോലികഴിഞ്ഞു മടങ്ങിയവരും വഴിയിൽ കുടുങ്ങി. കുട്ടിയാനയടക്കമുള്ള കാട്ടാനക്കൂട്ടമാണ് നാട്ടിലേക്ക് എത്തുന്നത്. ആനയുടെ ആക്രമണത്തിൽ നിന്ന് പ്ലാന്‍റേഷൻ തൊഴിലാളികൾ പലപ്പോഴും കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. പടക്കം പൊട്ടിച്ചാണ് റബർ തോട്ടത്തിലെ തൊഴിലാളികൾ ആനകളെ തുരത്തുന്നത്.

ഇവിടത്തെ കൃഷിസ്ഥലങ്ങളിൽ രാത്രികാലത്ത് എത്തുന്ന കാട്ടാനകൾ വൻ കൃഷിനാശമാണു വരുത്തുന്നത്. പൈനാപ്പിൾ , വാഴ, നെൽക്കൃഷി എന്നിവ കാട്ടാനകൾ നശിപ്പിക്കുന്നു. മൃഗങ്ങളെ തടയാൻ സ്ഥാപിച്ചിരുന്ന സോളർ വൈദ്യുത വേലികളും കാട്ടാനകൾ തകർക്കുകയാണ്. കാട്ടാന ശല്യത്തിനെതിരെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അധികൃതർക്ക് വീണ്ടും നിവേദനം നൽകുമെന്ന് അയ്യംമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് പി യു ജോമോൻ മെട്രോവാർത്തയോട് പറഞ്ഞു.

അതേ സമയം മലയാറ്റൂര്‍, വാഴച്ചാല്‍, ചാലക്കുടി എന്നീ ഫോറസ്റ്റ് ഡിവിഷനുകളിലെ വന്യജീവി ആക്രമണം തടയുന്നതിന് 13.45 കോടി രൂപുടെപദ്ധതിക്ക് നബാര്‍ഡിന്‍റെ അംഗീകാരം ലഭിച്ചതായി അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍ അറിയിച്ചു. കാലടി പ്ലാന്‍റേഷന്‍ ഉള്‍പ്പെടെ വന്യജീവി ആക്രമണം രൂക്ഷമായിട്ടുള്ള മേല്‍ പ്രദേശങ്ങളില്‍ ഫെന്‍സിംങ് സ്ഥാപിച്ച് സംരക്ഷിക്കുന്നതിനുള്ള സമഗ്ര പദ്ധതിക്കാണ് അംഗീകാരമായത്.

പ്ലാന്‍റേഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജീവന് പോലും ഭിഷണിയായി  വന്യജീവി ആക്രമണം ഈ മേഖലയില്‍ രൂക്ഷമാണ്. അങ്കമാലി നിയോജകമണ്ഡലത്തിലെ മലയാറ്റൂര്‍, അയ്യമ്പുഴ, മൂക്കന്നൂര്‍, കറുകുറ്റി  പഞ്ചായത്തുകളുടെ മലയോര മേഖലകളിലുള്‍പ്പെടെ വന്യജീവി ആക്രമണം അടിക്കടിയായി ഉണ്ടാകുന്ന സാഹചര്യമായിരുന്നു നിലവില്‍. ഇത് നിരവധി തവണ എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ചിരുന്നതുമാണ്. ഇതിന് ശാശ്വത പരിഹാരം കാണുന്നതിന് അങ്കമാലി എം.എല്‍.എ റോജി എം. ജോണും, ചാലക്കുടി എം.എല്‍.എ സനീഷ്കുമാര്‍ ജോസഫും വനംവകുപ്പ് മന്ത്രിയുമായി അതിരപ്പിള്ളിയില്‍ വച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സമഗ്രമായ പദ്ധതി നബാര്‍ഡിന് സമര്‍പ്പിച്ചതും അംഗീകാരം ലഭിക്കുന്നതും

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി

മകളെ വിവാഹം ചെയ്ത് നൽകിയില്ല; അമ്മയെ യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ചു

വിജയ് ഹസാരെ ട്രോഫി: ആദ‍്യം ദിനം തന്നെ സെഞ്ചുറികളുടെ പെരുമഴ