തട്ടേക്കാട് ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കണം; വനം മന്ത്രിയുടെ അടിയന്തര ഉത്തരവ്
കോതമംഗലം: വർഷങ്ങളായി തട്ടേക്കാട് പ്രവർത്തിച്ചുവരുന്ന ചെക്ക് പോസ്റ്റ് അടിയന്തരമായി മാറ്റിസ്ഥാപിക്കാൻ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്‍റെ നിർദേശം. മാനദണ്ഡങ്ങൾ പാലിക്കാതെ ഇരുവശങ്ങളിലും വളവുകളായ സ്ഥലത്ത് സ്ഥാപിച്ച ചെക്ക് പോസ്റ്റ്റ്റിൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ വന്നിടിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ മാസം ഇടുക്കി ചുരുളി സ്വദേശി മോൻസി ജോർജ് (49) എന്നയാൾ ബൈക്കിൽ യാത്ര ചെയ്യവേ രാത്രിയിൽ ക്രോസ് ബാറിൽ ഇടിച്ച് മരണപ്പെട്ടിരുന്നു.
ഈ ചെക്ക് പോസ്റ്റ് വന്യമൃഗ ശല്യം രൂക്ഷമായ പുന്നേക്കാട് പ്ലാന്‍റേഷനിൽ മാവിൻചുവട് ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് 2025 ൽ ഫാർമേഴ്‌സ് ആവയർനെസ് റിവൈവൽ മൂവ്മെന്‍റ് (ഫാം) മുൻ ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ അന്നത് മുഖവിലക്കെടുത്തില്ല. ഇപ്പോൾ തട്ടേക്കാടുള്ള ചെക്ക് പോസ്റ്റ് നിയന്ത്രിക്കുന്നത് 15 കിലോമീറ്റർ അകലെയുള്ള കുട്ടമ്പുഴ റയിഞ്ചിന് കീഴിൽ കൂവപ്പാറ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്ററ് ഓഫീസ് ജീവനക്കാരാണ്.
ഈ ചെക്ക് പോസ്റ്റ് പുന്നെക്കാട് മാവിൻഞ്ചുവട്ടിലേക്ക് മാറ്റിസ്ഥാപിച്ചാൽ ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള പുന്നെക്കാട് ഫോറസ്റ്റ് ഓഫീസിന്‍റെ നിയന്ത്രണത്തിൽ വരുകയും, പ്ലാൻറ്റേഷനിലെ കാട്ടാന ശല്യം ഒരു പരിധിവരെ നിയന്ത്രിക്കാനുമാകും. കൂടാതെ കൂവപ്പാറ സ്റ്റേഷനിൽ അധികം വരുന്ന ജീവനക്കാരെ പൂയംകുട്ടി മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിക്കുകയും ചെയ്യാമെന്ന നിർദേശം സർക്കാർ വളരെ പ്രാധാന്യത്തോടെ കാണുകയും വനം മന്ത്രിയുടെ നിർദേശപ്രകാരം മലയാറ്റൂർ ഡിഎഫ്ഒ തൃശൂർ സർക്കിൽ വഴി ഇത് നടപ്പാക്കാനുള്ള അനുമതിക്കായി സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തുടർന്ന് പ്രിൻസിപ്പൽ ചീഫ് കോൺസർവാട്ടർ ഓഫ് ഫോറസ്റ്റ് (മാനേജ്മെന്‍റ്) ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിനുള്ള ഉത്തരവിറക്കി. ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിനോടൊപ്പം പഴക്കം ചെന്ന കെട്ടിടത്തിൽ പ്രവൃത്തിക്കുന്ന പുന്നേക്കാട് ഫോറെസ്റ്റ് സ്റ്റേഷനുംകൂടി മാവിൻചുവട്ടിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള എസ്റ്റിമേറ്റ് അടിയന്തിരമായി സമർപ്പിക്കാൻ എംഎൽഎ ഷിബു തെക്കുംപുറം കോതമംഗലം ഡിഎഫ്ഒക്ക് നിർദേശം നൽകി.
ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതോടെ കുട്ടമ്പുഴ നിവാസികൾ പുന്നെക്കാട് പ്ലാൻറ്റേക്ഷണിലൂടെ യാത്രചെയ്യുമ്പോഴുണ്ടാകുന്ന വന്യ ജീവി ശല്യവും, കീരംപാറ പഞ്ചായത്തിലെ മൂന്നാം വാർഡിലെ വന്യമൃഗ ശല്യവും ഒരു പരിധിവരെ പരിഹരിക്കപ്പെടും.