പത്തനംതിട്ടയുടെ പരാധീനതകൾ പരിഹരിക്കാൻ കിഫ്ബിയുടെ സഹായം
ആരോഗ്യ മേഖലയിൽ പത്തനംതിട്ട ജില്ലാ ആസ്ഥാനം നേരിടുന്ന പരാധീനതകൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇപ്പോൾ ജില്ലാ ആസ്ഥാനം ഉൾപ്പെടുന്ന ആറന്മുള മണ്ഡലത്തിന്‍റെ പ്രതിനിധിയായ വീണാ ജോർജ് തന്നെ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുമ്പോൾ അവ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണ്. അതിന് അടിത്തറയൊരുക്കുന്നത് കിഫ്ബി വഴി ലഭിക്കുന്ന ധനസഹായവും.
പത്തനംതിട്ട ജനറൽ ആശുപത്രിക്കു പുറമേ, കോഴഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ജില്ലാ ആശുപത്രിയില്‍ ആധുനിക ബ്ലോക്ക് നിര്‍മാണം ധൃതഗതിയിൽ തുടരുകയാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാത്ത് ലാബും, ഐസിയുവും നിര്‍മിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അതുകൂടാതെ ജനറല്‍ ആശുപത്രിയില്‍ ഒപി ബ്ലോക്കിന് വേണ്ടി സംസ്ഥാന ബജറ്റില്‍ നാലു കോടി രൂപ അനുവദിച്ചിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 46 കോടിയുടെ നിര്‍മാണം പുരോഗമിക്കുന്നു. പുതിയ വാര്‍ഡിനായി രണ്ട് കോടി രൂപ അനുവദിച്ചു.
പത്തനംതിട്ടയുടെ പരാധീനതകൾ പരിഹരിക്കാൻ കിഫ്ബിയുടെ സഹായം
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 30 കോടിയുടെ നിര്‍മാണം നടക്കുന്നു. കെ.കെ. ശൈലജ ആരോഗ്യ വകുപ്പ് മന്ത്രിയായിരിക്കുമ്പോൾ, അന്ന് എംഎൽഎ ആയിരുന്ന വീണാ ജോര്‍ജ് നിവേദനം നല്‍കിയതിനെത്തുടര്‍ന്നാണ് വികസനത്തിനായി കോഴഞ്ചേരി ആശുപത്രിയെ ആരോഗ്യ വകുപ്പ് തെരഞ്ഞെടുത്തത്. ഇപ്പോൾ, വീണാ ജോർജിനു കീഴിലുള്ള ആരോഗ്യ വകുപ്പ് ഇവിടത്തെ വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നു. ഒപി, കാഷ്വാൾറ്റി, ഡയഗനോസ്റ്റിക് വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബ്ലോക്കിന്‍റെ നിർമാണമാണ് പുരോഗമിക്കുന്നത്.
പഴയ കാഷ്വാൽറ്റി വിഭാഗം നിന്ന സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ജില്ലാ ആശുപത്രിയിലെ ഏറ്റവും പഴക്കമുള്ള കെട്ടിടത്തിലാണ് കാഷ്വാൽറ്റി പ്രവര്‍ത്തിച്ചിരുന്നത്. 30 കോടി രൂപയോളം എസ്റ്റിമേറ്റുള്ള പദ്ധതിക്ക് കിഫ്ബി കൈത്താങ്ങായി. ഇവിടെ നിര്‍മിക്കാന്‍ കഴിയുന്ന പരമാവധി നിലകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പ്ലാന്‍ തയാറാക്കിയത്. ഹൈറ്റ്സിനാണ് നിർമാണച്ചുമതല. ജില്ലാ ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുള്ളതിനാല്‍ പുതിയ ഒ പി ബ്ലോക്ക് ഏറ്റവും പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ കിഫ്ബി പദ്ധതിക്കു കീഴിലുള്ള ഒപി ഡയഗ്നോസ്റ്റിക് ബ്ലോക്കിന്‍റെ നിർമാണം അവസാന ഘട്ടത്തോടടുക്കുകയാണ്. 49 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഉൾപ്പടെ നിലവിൽ നേരിടുന്ന ഒപിയിലെ തിരക്കും പാർക്കിങ് ബുദ്ധിമുട്ടുകളും പരിഹരിച്ച് സ്പെഷ്യാലിറ്റി, സൂപ്പർസ്‌പെഷ്യാലിറ്റി സേവനങ്ങൾ ഉൾപ്പടെ നൽകും. 2 ഡിജിറ്റൽ എക്സ് റേ, സിടി സ്കാൻ എൻഡോകോപ്പി, ലിംബ് ഫിറ്റിങ് സെന്‍റർ, സൈക്യാട്രി, ഡീഅഡിക്ഷൻ സെന്‍റർ, കോൺഫറൻസ് ഹോൾ, ക്യാന്‍റീൻ എന്നിവ അടക്കമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും. ഇതോടൊപ്പം 14 ബെഡ് പാലിയേറ്റീവ് - ജീറിയാട്രിക് വാർഡും വരുന്നുണ്ട്. എല്ലാ ആഴ്ചയും സിവിൽ വർക്കുകളുടെ റിവ്യൂ നടത്തപ്പെടുന്നു.