സ്വന്തം ലേഖകൻ
കൊച്ചി: കേരളത്തിന്‍റെ വ്യാവസായിക തലസ്ഥാനമായ കൊച്ചി നഗരത്തിന്‍റെ മുഖഛായ മാറ്റി വരച്ച മെട്രൊ റെയിൽ പദ്ധതി അങ്കമാലിയിലേക്ക് നീട്ടും. ആലുവയ്ക്കും തൃപ്പൂണിത്തുറയ്ക്കും ഇടയിൽ കണക്റ്റിവിറ്റി ഉറപ്പാക്കിയ ആദ്യ ഘട്ടത്തിനു ശേഷം, പാലാരിവട്ടത്തു നിന്ന് കാക്കനാട്ടേക്ക് മെട്രൊ റെയിൽ പാത നീട്ടുന്ന പിങ്ക് ലൈൻ നിർമാണമാണ് രണ്ടാം ഘട്ടത്തിൽ പുരോഗമിക്കുന്നത്. ഇതിനു ശേഷം മൂന്നാം ഘട്ടത്തിലാണ്, കൊച്ചിക്കും തൃശൂരിനുമിടയിലെ പ്രധാന പട്ടണങ്ങളിലൊന്നായ അങ്കമാലിയിലേക്ക് പദ്ധതി നീട്ടുക.
കൊച്ചി നഗരത്തിന്‍റെ സാറ്റലൈറ്റ് നഗരം എന്ന നിലയിലുള്ള വികസനമാണ് മെട്രൊ റെയിൽ വഴി അങ്കമാലിയിൽ വിരുന്നെത്തുക. ഒപ്പം, എറണാകുളത്തുനിന്ന് തൃശൂരേക്കുള്ള യാത്രയിൽ മൂന്നിലൊന്ന് ഭാഗം മെട്രൊ റെയിൽ വഴി പൂർത്തിയാക്കാനും സാധിക്കും. എംസി റോഡും ദേശീയപാതയും സംഗമിക്കുന്ന പ്രധാന ജംക്ഷൻ എന്ന നിലയിൽ കേരളത്തിന്‍റെ തെക്ക് - വടക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന അങ്കമാലി വരെ മെട്രൊ എത്തുന്നത്, മധ്യകേരളത്തിന്‍റെ ആകെ യാത്രാ സൗകര്യങ്ങളിൽ നിർണായക പുരോഗതിക്കു കാരണമാകും.
നിലവിൽ ആലുവയിൽ അവസാനിക്കുന്ന മെട്രൊ സർവീസാണ് മൂന്നാം ഘട്ടത്തിൽ അങ്കമാലി വരെയെത്തിക്കാൻ ഉദ്ദേശിക്കുന്നത്. ഈ റൂട്ടിൽനിന്നു തിരിഞ്ഞ്, നെടുമ്പാശേരിയിലുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും കണക്റ്റിവിറ്റി ഉറപ്പാക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. വിമാനത്താവളത്തിൽ വന്നിറങ്ങുന്നവർക്ക് അങ്കമാലിയിലേക്കോ കൊച്ചിയിലേക്കോ മെട്രൊ റെയിലിൽ നേരിട്ട് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇതുവഴി ലഭിക്കുക.
ആറു മാസത്തിനുള്ളിൽ മൂന്നാം ഘട്ടം നിർമാണ പ്രവർത്തനത്തിനുള്ള ഡീറ്റെയിൽഡ് പ്രോജക്റ്റ് റിപ്പോർട്ട് (DPR) സമർപ്പിക്കാനാണ് ധാരണ. നിലവിൽ പ്രധാന റോഡിനു മുകളിലൂടെ പോകുന്ന എലിവേറ്റഡ് രീതിക്കു പകരം, വിമാനത്താവളത്തിലേക്ക് ഭൂഗർഭ പാതയും പരിഗണിക്കുന്നുണ്ട്. സാമ്പത്തികവശം കൂടി പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ഭൂഗർഭ പാതയ്ക്ക് നിർമാണച്ചെലവ് കൂടുതലായിരിക്കും. എന്നാൽ, എലിവേറ്റഡ് പാതയ്ക്ക് ആവശ്യമായ തോതിൽ ഭൂമി ഏറ്റെടുക്കൽ ഇതിനു വേണ്ടിവരില്ല. സ്ഥലം ഏറ്റെടുക്കലും കുടിയൊഴിപ്പിക്കലും പരമാവധി കുറച്ച് മൂന്നാം ഘട്ടം നടപ്പാക്കാനാണ് ശ്രമം. ഒപ്പം, നിലവിലുള്ള പാതയുമായി നേരിട്ട് ബന്ധിപ്പിക്കാതെ സ്വതന്ത്ര പദ്ധതിയായി നടപ്പാക്കുന്നതും പരിഗണിക്കും.
ഭാവിയിൽ ഗിഫ്റ്റ് സിറ്റിയുമായി കണക്റ്റ് ചെയ്യേണ്ടതും അങ്കമാലിയിലേക്കുള്ള പാതയാണ്. ആലുവ - അങ്കമാലി മെട്രൊ റെയിൽ നിർമാണത്തിനുള്ള ടെൻഡർ ഫെബ്രുവരി 10 മുതൽ സമർപ്പിക്കാം. ഫെബ്രുവരി 17 അവസാന തീയതി. 19നാണ് ടെൻഡറുകൾ തുറന്ന് പരിശോധിക്കുക.